cc

നെയ്യാറ്റിൻകര:14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛനെ 14 വർഷം കഠിന തടവിനും 10000 രൂപ പിഴയും ശിക്ഷിച്ചു. മാറനല്ലൂർ തേവരക്കോണത്ത് മേലേപുത്തൻവീട്ടിൽ നിരവധി കേസുകളിൽ പ്രതിയായ ആടുമണിയനെന്ന മണിയനെയാണ് നെയ്യാറ്റിൻകര പോക്സോ കോടതി ജഡ്ജി രശ്മി സദാനന്ദൻ ശിക്ഷിച്ചത്. 2006ലാണ് കേസിനാസ്പദമായ സംഭവം . അച്ഛൻ മരിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മയുമായി സ്നേഹത്തിലായി അവരുടെകൂടെ താമസം തുടങ്ങിയ പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുക പതിവായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ അമ്മ വീട്ടിലില്ലാതിരുന്ന സമയങ്ങളിൽ ഇയാൾ പീഡനം തുടർന്നു. കുട്ടിക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന് തെളിഞ്ഞത്. തുടർന്ന് ഇയാൾ അമ്മയെയും കുട്ടിയെയും ഭീഷണിപ്പെടുത്തി വേറെ ആശുപത്രിയിലെത്തിച്ച് ഗ‌ർഭച്ഛിദ്രം നടത്തിച്ചു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിയ കേസിൽ ഒളിവിൽപ്പോയ ഇയാൾ 6 മാസത്തിനുശേഷം തിരിച്ചെത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുട‌ർന്ന് അമ്മ മാറനല്ലൂ‌ർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അജിത് തങ്കയ്യയും അഡ്വ. ഗോപികാഗോപനും ഹാജരായി.