തിരുവനന്തപുരം: മദ്യ ലഹരിയിൽ പൊതുസ്ഥലത്ത് അക്രമം നടത്തിയ ആളെ പിടകൂടാനെത്തിയ തമ്പാനൂർ എസ്.ഐക്ക് നേരെ ആക്രമണം. ഇന്നലെ രാത്രി പവർഹൗസ് റോഡിലെ ബിവറേജസിന് മുന്നിലായിരുന്നു സംഭവം. പ്രതിയുടെ ആക്രമണത്തിൽ തമ്പാനൂർ എസ്.ഐ സുബിന്റെ ഇടതു കൈക്ക് പൊട്ടലേറ്റു. അക്രമം നടത്തിയ കള്ളിക്കാട് മുട്ടന്തറ കുറവക്കാട് വീട്ടിൽ അമലിനെ (21) പൊലീസ് പിടികൂടി. പ്രതി യാത്രക്കാർക്ക് നേരെ അസഭ്യം പറയുകയും ആക്രമണത്തിന് മുതിരുന്നതുമായുള്ള വിവരം ലഭിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ പിടികൂടി ജീപ്പിൽ കയറ്റുന്നതിനിടെയാണ് ഇയാൾ പൊലീസിന് നേരെ തിരിഞ്ഞത്. എസ്.ഐ സുബിനൊപ്പമുണ്ടായിരുന്ന എസ്.ഐ വിനോദിനും സി.പി.ഒ വിഷ്ണുവിനും പരിക്കേറ്റിട്ടുണ്ട്.