ആര്യനാട്: നവീകരിച്ച ആര്യനാട് - നെടുമങ്ങാട് റോഡിന്റെ ദുർഗതി മാറുന്നില്ല. വർഷങ്ങളായി തകർന്ന് തരിപ്പണമായി കിടന്ന റോഡ് ഏറെ വിമർശനങ്ങൾക്ക് ശേഷമാണ് കെ.എസ്.ശബരീനാഥൻ എം.എൽ.എയായിരിക്കുമ്പോൾ റോഡിന് നാല് കോടിയിലധികം രൂപ നവീകരണത്തിനായി അനുവദിച്ചത്.എന്നാൽ വർഷങ്ങൾ പിന്നിട്ടിട്ടും റോഡ് നവീകരണം സമയ ബന്ധിതമായി പൂർത്തീകരിക്കാൻ കരാറുകാരൻ തയ്യാറായില്ല.
ആര്യനാട്ടെ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥരെ വാഹനയാത്രക്കാർ ബന്ധപ്പെട്ടപ്പോൾ പണിയിൽ അപാകതയില്ലെന്നാണ് മറുപടി ലഭിച്ചതെന്ന് യാത്രക്കാർ പറയുന്നു.

തകർന്ന് കിടന്ന നെടുമങ്ങാട് ആര്യനാട് റോഡ് പുതുക്കി പണിതപ്പോൾ യാത്രക്കാർ ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ റീഫ്ലക്ടറുകൾ സ്ഥാപിച്ചതോടെ ഇതിൽ തട്ടി കാറുകളുടെ ടയറും ഡിസ്കും തകരാറിലായതോടെയാണ് യാത്രക്കാർ ശ്രദ്ധിക്കാൻ തുടങ്ങിയത്.

അതുപോലെ നെടുമങ്ങാട് മുതൽ ആര്യനാട് വരെ റോഡിന്റെ ഇരുവശങ്ങളിലും വാട്ടർ അതോറിട്ടിയുടെ പൈപ്പ്ലൈൻ സ്ഥാപിച്ചിട്ടുണ്ട്.മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുണ്ട് ഈ പൈപ്പ് ലൈനിന്.അന്നത്തെ കണക്കനുസരിച്ചാണ് വാട്ടർ അതോറിട്ടി റോഡിൽ പൈപ്പ് ലൈനുകൾ സ്ഥാപിച്ചത്.

കാലാകാലങ്ങളിലുള്ള റോഡ് വികസനം വന്നതോടെ ഈ ലൈനുകളെല്ലാം റോഡിനടിയിലായി. പത്ത് കിലോമീറ്റർ ദൂരം നിലവിലത്തെ പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കാൻ പോലും റോഡ് വികസനക്കാർ തയ്യാറായില്ല.

പ്രശ്നമായത് റിഫ്ലക്ടറുകൾ

വർഷങ്ങൾ പിന്നിട്ട പണി ഇപ്പോഴാണ് പൂർത്തീകരിക്കുന്നത്.എന്നിട്ട് അടുത്ത ദിവസങ്ങളിൽ ഈ റോഡിൽ പി.ഡബ്ലിയു.ഡി അധികൃതർ റിഫ്ലക്ടറുകൾ സ്ഥാപിച്ചു.ഇവിടെയാണ് അപാകതയുള്ളത്.സാധാരണ റോഡുകളിൽ സ്ഥാപിക്കുന്ന റിഫ്ലക്ടറുകളെക്കാൾ ഉയരത്തിലുള്ളവ സ്ഥാപിച്ചതിലൂടെ റോഡിലൂടെ വാഹനങ്ങൾക്ക് നല്ല രീതിയിൽ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

പത്ത് കിലോമീറ്ററോളം ദൂരം ഇപ്പോൾ നെടുമങ്ങാട് റൂട്ടിൽ സഞ്ചരിച്ചാൽ മിക്ക വാഹനങ്ങൾക്കും വർക്ക്ഷോപ്പ് കാണേണ്ട സ്ഥിതിയാണ്.

ഇക്കഴിഞ്ഞ ദിവസം കോട്ടയ്ക്കകം സ്വദേശിയായ അദ്ധ്യാപകന് പത്ത് കിലോമീറ്റർ സഞ്ചരിച്ചപ്പോൾ കാറിന്റെ പുറകിലത്തെ രണ്ട് ടയറുകളും കേടാവുകയും വീലുകളും കോട്ടം വന്ന് വളയുകയും ചെയ്തു.