
വിതുര: ഒരാഴ്ച മുൻപ് അനുഭവപ്പെട്ട അതി തീവ്രമഴയെ തുടർന്ന് തകർന്ന പൊൻമുടി - വിതുര റോഡിന്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രി പി.എ.മുഹമ്മദ് റിയാസ് പൊൻമുടിയിലെത്തി.മന്ത്രിക്കൊപ്പം ഡി.കെ.മുരളി എം.എൽ.എയും,പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും,രാഷ്ട്രീയകക്ഷി നേതാക്കളും ഉണ്ടായിരുന്നു.റോഡ് പണി അടിയന്തരമായി പൂർത്തീകരിച്ച് പൊൻമുടി തുറക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കനത്ത മഴയെ തുടർന്ന് പൊൻമുടി പതിനൊന്നാംവളവിന് സമീപത്താണ് റോഡിന്റെ ഒരു വശം ഇടിഞ്ഞു താഴ്ന്നത്.പത്ത് ദിവസം മുൻപാണ് റോഡ് തകർന്നത്.
ഇതോടെ പൊൻമുടിയിലേക്കുള്ള ഗതാഗാതം നിലയ്ക്കുകയും,പൊൻമുടി നിവാസികൾ ഒറ്റപ്പെടുകയും ചെയ്തു.കെ.എസ്.ആർ.ടി.സി ബസുകൾ കല്ലാർ വരെ എത്തി മടങ്ങുകയാണ്.
മുന്നൂറിൽ പരം തോട്ടം തൊഴിലാളികൾ പൊൻമുടിയിൽ താമസിക്കുന്നുണ്ട്. പൊൻമുടിയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ നടന്ന് കല്ലാറിൽ എത്തി ബസിൽ കയറി വിതുരയിൽ എത്തേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഇവിടെയുള്ളവർക്ക്.മാത്രമല്ല വഴി മദ്ധ്യേ കാട്ടാന ശല്യവുമുണ്ട്.
രണ്ടാഴ്ച കൊണ്ട് റോഡ് പണി പൂർത്തീകരിച്ച് പൊൻമുടി തുറക്കുമെന്നാണ് വനംവകുപ്പ് വ്യക്തമാക്കിയിരുന്നത്.എന്നാൽ പത്ത് ദിവസം കഴിഞ്ഞിട്ടും പണിയിൽ പുരോഗതിയില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.റോഡ് പണി അടിയന്തരമായി പൂർത്തീകരിച്ച് പൊൻമുടി ഉടൻ തുറന്നില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.റോഡ് അടച്ചതോടെ പൊൻമുടി നിവാസികൾ അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.ഡി.വൈ.എഫ്.ഐ വിതുര മേഖലാകമ്മിറ്റിയും റോഡ് തുറക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
നഷ്ടം 300 കോടി
സംസ്ഥാനത്ത് അതിതീവ്രമഴയെ തുടർന്ന് റോഡുകൾ വ്യാപകമായി തകർന്നിട്ടുണ്ട്.പൊതുമരാമത്ത് വകുപ്പിന് 300 കോടിരൂപയുടെ നാശനഷ്ടമുണ്ടായതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.തകർന്ന റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.