p

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ വകുപ്പിൽ നികുതിയിതര വരുമാനത്തിൽ സർവകാല റെക്കാഡ്. ഈ വർഷം ഏപ്രിൽ 1 മുതൽ ആഗസ്റ്റ് 31വരെ 9.62 കോടി രൂപയാണ് നികുതിയിതര വരുമാനമായി ലഭിച്ചതെന്ന് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഫുഡ് സേഫ്ടി ലൈസൻസ്, രജിസ്‌ട്രേഷൻ ഫീ ഇനത്തിൽ 7.71കോടി, ഫൈൻ വഴി 78.59ലക്ഷം, അഡ്‌ജ്യൂഡിക്കേഷൻ ഫൈൻ വഴി 51.51ലക്ഷം, കോടതി മുഖേനയുള്ള ഫൈൻ 3.28ലക്ഷം, സാമ്പിൾ അനലൈസിസ് ഫീസായി 58.09ലക്ഷം എന്നിങ്ങനെയാണ് ലഭ്യമായത്. മുൻവർഷങ്ങളെ അപേക്ഷിച്ച് അഞ്ചുമാസം കൊണ്ട് നികുതിയിതര വരുമാനത്തിൽ ഇരട്ടിയിലധികം വർദ്ധനവാണിത്. ഭക്ഷ്യസുരക്ഷാ പരിശോധനകൾ ശക്തമാക്കിയതാണ് ഇതിന് കാരണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് സഞ്ചരിക്കുന്ന പുതിയ 6 ഭക്ഷ്യപരിശോധനാ ലബോറട്ടറികളും പ്രവർത്തിക്കുന്നുണ്ട്.