പാറശാല: നിർമ്മൽകൃഷ്‌ണ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ നിർമ്മൽ ചിട്ടിഫണ്ടിൽ നിന്ന് പൊലീസ് കണ്ടെടുത്ത 2434.13 ഗ്രാം സ്വർണം, നിർമ്മൽ കൃഷ്‌ണയുടെ ഉടമസ്ഥയിലുള്ള ഹോളോ ബ്രിക്‌സ് കമ്പനിയിൽ നിന്ന് കണ്ടെടുത്ത 23.17 ലക്ഷം രൂപ വിലയുള്ള ഹോളോ ബ്രിക്‌സുകൾ എന്നിവ 30ന് കേസിന്റെ വിചാരണ നടക്കുന്ന മധുര ഹൈക്കോടതിയിൽ ലേലം ചെയ്യും.
തട്ടിപ്പ് നടന്ന് അഞ്ചുവർഷം പിന്നിടുമ്പോഴാണ് കോടതിയുടെ തീരുമാനപ്രകാരം ലേലം നടക്കുന്നത്. കോടതി കണ്ടെത്തിയ നിർമ്മൽ ചിട്ടിഫണ്ടിന്റെ ഉടമസ്ഥതയിലുള്ള 15ഓളം വാഹനങ്ങളിൽ എട്ടെണ്ണം നാലുവർഷം മുമ്പ് ലേലം ചെയ്‌തിരുന്നു. കണ്ടുകെട്ടിയ വസ്‌തുക്കളിൽ ലേലം ചെയ്‌ത പളുകളിലെ 7 സെന്റ് വസ്‌തു മാത്രമാണ് ഇതുവരെ വിറ്റുപോയത്. ചെറിയകൊല്ലയിലെ പത്തര ഏക്കർ വസ്‌തു ലേലം ചെയ്‌തെങ്കിലും ലേലത്തുക കെട്ടിവയ്‌ക്കാത്തതുകാരണം നടപടികൾ പൂർത്തിയായിട്ടില്ല. നിർമ്മലിന്റെ ഉടമസ്ഥതയിൽ പെരുങ്കടവിളയിൽ പ്രവർത്തിച്ചിരുന്ന കൃഷ്‌ണ ഫിനാൻസ് എന്ന സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്ന 25 പേരുടെ സ്വർണാഭരണങ്ങളും പളുകൽ തമിഴ്നാട് മത്തമ്പാലയിലാണ് സൂക്ഷിച്ചിരുന്നത്.
പളുകളിലെ നിർമ്മൽ ചിട്ടിഫണ്ടിന്റെ ആസ്ഥാനത്ത് നിന്ന് തമിഴ്നാട് പൊലീസ് പിടിച്ചെടുത്ത ആഭരണങ്ങൾ തിരികെ കിട്ടണമെന്ന ആവശ്യവുമായി കോടതിയിലും മാരായമുട്ടം സി.ഐയ്‌ക്കും റൂറൽ എസ്.പിക്കും പണയഇടപാടുകാർ പരാതി നൽകിയിട്ടുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ സമർപ്പിച്ച പരാതിയിൽ അന്വേഷണം നടക്കുമ്പോഴാണ് തമിഴ്നാട് പൊലീസിന്റെ അറിവോടെ ലേല നടപടികൾ തുടരുന്നതെന്ന് ഇടപാടുകാർ ആരോപിക്കുന്നു.