anappade

മലയിൻകീഴ്: അണപ്പാട് -ചീനിവിള പാലത്തിന്റെ അകുറ്റപ്പണികൾ ചെയ്തപ്പോൾ അപകടക്കെണിക്ക് പരിഹാരം കണ്ടില്ലെന്ന് പരാതി ഉയർന്നു. പാലത്തിന്റെ കൈവരികൾ തകർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം കൈവരി പെയിന്റ് അടിച്ചും തകർന്ന ഭാഗം കോൺക്രീറ്റ് ചെയ്തും പുതുക്കി പണിതിരുന്നു.

അണപ്പാട് ഭാഗത്ത് നിന്ന് പോകുമ്പോൾ പാലത്തിന്റെ വലത് വശത്ത് യാതൊരു സുരക്ഷിതവുമില്ലാതെ തുറന്ന നിലയിലാണ്. ഇക്കാര്യം നാട്ടുകാർ പണിക്കാരോട് പറഞ്ഞെങ്കിലും കരാറുകാരൻ അപകട ഭാഗത്ത് അറ്റകുറ്റപ്പണികൾ ചെയ്യാൻ തയ്യാറായിട്ടില്ല.രണ്ട് വർഷത്തിനിടെ നിരവധി അപകടങ്ങൾ ഈ പാലത്തിൽ സംഭവിച്ചിട്ടുണ്ട്.കൈവരി തകർത്ത് കാർ അപകടത്തിൽ പെടുകയും അതിന് ശേഷം കൈവരി പുതുക്കി ഒരു മാസം കഴിയുന്നതിന് മുൻപ് ചീവിനിള ഭാഗത്ത് നിന്ന് എത്തിയ വാഹനം വീണ്ടും കൈവരി തകർത്തിരുന്നു. മഴയിൽ പാലത്തിനരികിലെ കൈവരിയായ കരിങ്കൽകെട്ട് തകർന്ന് തോട്ടിൽ വീഴുകയും പാലത്തിനരികിലായി സ്ഥാപിച്ചിരുന്ന ട്രാൻസ്‌ഫോർമർ അടുത്തിടെ മഴയിൽ തകർന്ന് റോഡിലേക്ക് പതിക്കുന്ന നിലയിലായപ്പോൾ കെ.എസ്.ഇ.ബി അധികൃതരെത്തി ട്രാൻസ്‌ഫോർമാർ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചത്.

ജീർണാവസ്ഥയിലായ അണപ്പാട് -ചീനിവിള റോഡിലെ ഇടുങ്ങിയ ഈ പാലത്തിന്റെ കൈവരി രണ്ട് വർഷത്തിനുള്ളിൽ 7 പ്രാവശ്യം തകർന്നിട്ടുണ്ട്. ഭീതിയോടെയാണ് ഇതുവഴി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നത്. പോങ്ങുംമൂട്,തൂങ്ങാംപാറ,കാട്ടാക്കട,നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുന്നവർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. ക്രൈസ്റ്റ് നഗർ കോളേജ്, ഡി.വി.എം.എൻ.എൻ,എം, ഹയർ സെക്കൻഡറി സ്ക്കൂൾ,കണ്ടല സർക്കാർ സ്ക്കൂൾ സഹകരണ ബാങ്ക്,ആശുപത്രി എന്നിവയിലെത്താനും ഈ റോഡ് തന്നെയാണ് ആശ്രയം.

അടുത്തിടെ റോഡ് റീ - ടാറിംഗ് നടത്തി നവീകരിച്ചതിനാൽ നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത്.ഭീതിയില്ലാതെ യാത്ര ചെയ്യാൻ അണപ്പാട് -ചിനിവിള പാലം നിലനിറുത്തി പുതിയ പാലം നിർമ്മിക്കണമെന്നാവശ്യം ശക്തമായിട്ടുണ്ട്.