വിഴിഞ്ഞം: വിഴിഞ്ഞം പദ്ധതിയെ അനുകൂലിച്ചുള്ള ജനകീയ കൂട്ടായ്‌മയുടെയും എതിർത്തുള്ള ലത്തീൻ അതിരൂപതയുടെയും റാലികളെ തുടർന്നുള്ള സംഘർഷത്തിൽ പൊലീസ് ലാത്തിവീശി. തുറമുഖ നിർമ്മാണത്തിനെതിരെ മുല്ലൂരിൽ നടക്കുന്ന ലത്തീൻ അതിരൂപതയുടെ സമരത്തിനെതിരെയാണ് ജനകീയ കൂട്ടായ്‌മയുടെ നേതൃത്വത്തിൽ വാഹന റാലി നടത്തിയത്.

ജനകീയ കൂട്ടായ്‌മയുടെ റാലി തടയാൻ പൊലീസ് പ്രധാന റോഡുകൾ ബാരിക്കേഡുകൾ വച്ച് തടഞ്ഞെങ്കിലും ജനകീയ കൂട്ടായ്‌മ മറ്റ് വഴികളിലൂടെ സമരസ്ഥലത്തെത്തി. ഇരുവശത്തും സമരക്കാർ കൂക്കിവിളിക്കുകയും വെല്ലുവിളികൾ നടത്തുകയും ചെ‌യ്‌തു. സംഘർഷാവസ്ഥയുണ്ടായതോടെ പൊലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിക്കുകയായിരുന്നു. സമരക്കാർ വീണ്ടും ഒത്തുചേർന്നശേഷം ഇരുവിഭാഗത്തിലെയും പ്രവർത്തകർ തമ്മിൽ ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ ഒരു പൊലീസുകാരന് കൈയിൽ മുറിവേറ്റു.

ജനകീയ കൂട്ടായ്‌മ സ്ഥാപിച്ച ഫ്ളക്‌സ് ബോർഡുകൾ മറുപക്ഷത്തെ സമരക്കാർ തകർത്തു. പൊലീസും വൈദികരുമെത്തി നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങൾ ഒഴിവായി. ഇന്നലെ ഉച്ചയ്‌ക്ക് 2ന് അയ്യങ്കാളി സ്‌മൃതി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച റാലി എസ്.എൻ.ഡി.പി യോഗം കോവളം യൂണിയൻ പ്രസിഡന്റ് ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്‌തു.