
നെടുമങ്ങാട്: നെടുമങ്ങാട്-പഴകുറ്റി റോഡ് പണി പുരോഗമിക്കുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിന്റെ മിന്നൽ പരിശോധന. രാവിലെ 11.30ന് പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിന് മുന്നിലെത്തിയ മന്ത്രി 20 മിനിറ്റോളം റോഡിന്റെ നിർമ്മാണം വിലയിരുത്തി. നെടുമങ്ങാട് റോഡിനെക്കുറിച്ച് പരാതികൾ വന്നിട്ടുളളതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം.റോഡിന്റെ പണി ഞായർ അവധി ദിവസമാണെങ്കിലും നല്ലരീതിയിൽ പുരോഗമിക്കുകയാണെന്നും മഴ കുറഞ്ഞു വരുന്നതിനാൽ എല്ലായിടത്തും റോഡിന്റെ പണികൾ സജ്ജീവമായും കൃത്യമായും നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ എല്ലാ റോഡുകളും എല്ലാകരാറുകാരും മോശമാണെന്ന് പറയുന്നത് തെറ്റാണെന്ന് മന്ത്രി പറഞ്ഞു. തെറ്റായ പ്രവണതകളുളള ന്യൂനപക്ഷം വരുന്ന കരാറുകാരെയും ഉദ്യോഗസ്ഥരെയും തോളിലേറ്റുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും അദ്ദേഹം
പറഞ്ഞു.
പഴകുറ്റി പാലം സന്ദർശിച്ചു
പണിനടക്കുന്ന നെടുമങ്ങാട് പഴകുറ്റി പാലവും മന്ത്രി മുഹമ്മദ് റിയാസ് സന്ദശിച്ചു. മാർച്ച് മാസത്തോടെ റോഡിന്റെ പണി മുഴുവൻ തീർക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു. പാലത്തിന്റെ പണി തീരുന്ന മുറയ്ക്ക് യാത്രയ്‌ക്ക് അനുമതി നൽകും. മന്ത്രി ഉദ്യോഗസ്ഥരോടും ജനപ്രതിനിധികളോടും സംസാരിച്ചു.