പോത്തൻകോട് : നെടുമങ്ങാട് നിയോജകമണ്ഡലത്തിൽ പഴകുറ്റി-മംഗലപുരം റോഡിൽ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള പിഡബ്ല്യുഡി റോഡിന്റെ അറ്റകുറ്റ പണികൾക്കായി 36.5 ലക്ഷം അനുവദിച്ചു. കഴിഞ്ഞ മഴക്കാലത്ത് റോഡിൽ അപകടകരമായ കുഴികൾ രൂപപ്പെട്ടതാേടെയാണ് അടിയന്തരമായി കേരള റോഡ് ഫണ്ട് ബോർഡ് ഭരണാനുമതി നൽകിയത്.
കെ.ആർ.എഫ്.ബി റോഡ് ഏറ്റെടുത്ത് മൂന്ന് റീച്ചുകൾ ആക്കി അതിൽ ഒന്നാമത്തെ റീച്ച് പഴകുറ്റി മുതൽ മുക്കംപാലമൂട് വരെ റോഡിൽ നിർമ്മാണം നടക്കുകയാണ്. ഈ റോഡിലെ മൂന്നാമത്തെ റീച്ചായ പോത്തൻകോട് മുതൽ മംഗലപുരം വരെയുള്ള ഭാഗമാണ് രണ്ടാമതായി നിർമ്മാണം നടത്തുന്നത്. ഒന്നാമത്തെ റീച്ചിന്റെ സർവേ നടപടികൾ അന്തിമഘട്ടത്തിലാണ്.അത് തീരുന്ന മുറയ്‌ക്ക് മൂന്നാമത്തെ റീച്ചിലെ സർവേ നടപടികൾ തുടങ്ങുമെന്നും സമയബന്ധിതമായി നിർമ്മാണം പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി ജി.ആർ. അനിൽ അറിയിച്ചു.