
പോത്തൻകോട്: ഗുജറാത്തിൽ നടക്കുന്ന ദേശീയ ഗെയിംസിനുള്ള കേരളവനിതാ സോഫ്ട്ബാൾ ടീമിന്റെ പരിശീലനം അവസാന ഘട്ടത്തിൽ. ചെമ്പഴന്തി എസ്.എൻ കോളേജ് ഗ്രൗണ്ടിലാണ് പരിശീലനം. ആദ്യ ഘട്ടത്തിലെ 30 പേരിൽ നിന്ന് അന്തിമമായി എടുത്ത 16 അംഗ ടീമിന്റെ പരിശീലനമാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ വർഷം ആന്ധ്രയിൽ നടന്ന് 43 -ാമത് ദേശീയചാമ്പ്യൻഷിപ്പിൽ പഞ്ചാബിനെ 3- 0 ത്തിന് പരാജയപ്പെടുത്തി ജേതാക്കളായ ടീമിലെ 10 കളിക്കാരും, പുതിയതായി ക്യാമ്പിലെത്തി മികവ് തെളിയിച്ചവരും ചേർന്നതാണ് ടീം. ചെമ്പഴന്തി എസ്.എൻ കോളേജിലെ കായികാദ്ധ്യാകൻ സുജിത് പ്രഭാകറും ,കേരള സ്പോർട്സ് കൗൺസിൽ കോച്ച് കുഞ്ഞുമോനുമാണ് ടീമിന്റെ പരിശീലകർ. മുൻ ദേശീയ താരം കണ്ണൂർ ദിൽഷാ കല്ലിയാണ് ടീം മാനേജർ. മത്സരത്തിന് വേണ്ടി കേരള ടീം ഒക്ടോബർ 3 ന് യാത്ര തിരിക്കും.