kudu

തിരുവനന്തപുരം: സംസ്ഥാനത്ത് കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ലിങ്കേജ് വായ്പ വേഗത്തിൽ ലഭ്യമാക്കുന്നതിന് യൂണിയൻ ബാങ്കുമായി ധാരണാപത്രം ഒപ്പുവച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്, യൂണിയൻ ബാങ്ക് ജനറൽ മാനേജർ രവീന്ദ്ര ബാബു എന്നിവരാണ് ധാരണാപത്രം ഒപ്പുവച്ചത്.

അയൽക്കൂട്ടങ്ങൾക്ക് പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനും ലിങ്കേജ് വായ്പ നൽകുന്നതിനും നിലവിലുള്ള നടപടിക്രമങ്ങളിൽ ബാങ്ക് ഇളവ് വരുത്തും. തിരിച്ചടവ് ഉറപ്പാക്കുന്നതും കുടുംബശ്രീയാണ്. ലിങ്കേജ് വായ്പ വേഗത്തിൽ ലഭ്യമാക്കുന്നതിനൊപ്പം അയൽക്കൂട്ടങ്ങൾക്ക് നിലവിൽ മറ്റു ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമുള്ള വായ്പകളും യൂണിയൻ ബാങ്ക് ഏറ്റെടുക്കും. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലികിനെ പ്രതിനിധീകരിച്ച് സ്റ്റേറ്റ് പ്രോഗ്രാം മാനേജർ അനീഷ് കുമാർ എം.എസ്, യൂണിയൻ ബാങ്ക് ജനറൽ മാനേജർ രവീന്ദ്ര ബാബു എന്നിവർ ധാരണാപത്രം കൈമാറി. യൂണിയൻ ബാങ്ക് റീജിയണൽ ഹെഡ് സുജിത് എസ്. തരിവാൾ, റൂറൽ ഡെവലപ്‌മെന്റ് ഓഫീസർ സിജിൻ. ബി.എസ് എന്നിവർ പങ്കെടുത്തു.