
ആറ്റിങ്ങൽ: കോടികൾ ചെലവിട്ട് നിർമ്മിച്ച റോഡിന്റെ പലഭാഗത്തും പൈപ്പ് പൊട്ടി വാഹനയാത്ര തടസ്സപ്പെടുന്നു. പൈപ്പ് പൊട്ടൽ തുടർക്കഥയായതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇളമ്പതടം, പാറയടി, അയിലം റോഡിലാണ് തുടരെത്തുടരെ കുടിവെള്ള പൈപ്പു പൊട്ടുന്നത്. ഇതിൽ പാറയടിയിൽ നിന്ന് അയിലത്തേക്ക് പോകുന്ന ഭാഗത്താണ് കൂടുതൽ പ്രശ്നം. പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ കിഫ്ബിയിൽ നിന്നുള്ള 9.96 കോടി രൂപ ചെലവിട്ടാണ് ഈ റോഡ് നിർമ്മിച്ചത്. 2021 സെപ്തംബർ 23 നായിരുന്നു ഉദ്ഘാടനം. ഒരു വർഷം തികയുന്നതിനു മുമ്പ് റോഡിൽ പലയിടത്തും പൈപ്പ് പൊട്ടിത്തുടങ്ങി. പൈപ്പു പൊട്ടിയ ഭാഗം ചെളിക്കുണ്ടായി കിടക്കുകയാണ്. പലയിടത്തും റോഡിന്റെ ഒത്ത മദ്ധ്യത്താണ് പൈപ്പ് ഉള്ളത്. നവീകരണത്തിന് മുമ്പ് ഈ പൈപ്പുകൾ റോഡിന്റെ വശത്തേക്ക് മാറ്റണമെന്ന് നിർദ്ദേശം ഉയർന്നിട്ടും ആരും ചെവിക്കൊണ്ടില്ല. ഇതാണിപ്പോൾ റോഡിന് ഭീഷണിയാകുന്നത്. ഉയർന്നമലയിൽ റോഡിന്റെ ഒത്ത നടുക്ക് പൈപ്പ് പൊട്ടി കുറേഭാഗം തകർന്നു കിടക്കുകയാണ്.
പൈപ്പ് നന്നാക്കാനായി റോഡ് വെട്ടിപ്പൊളിച്ചാൽ പിന്നീട് അറ്റകുറ്റപ്പണി നടത്താത്തതാണ് കൂടുതൽ പ്രശ്നമാകുന്നത്. കാറ്റാടിപ്പൊയ്കയ്ക്ക് സമീപം റോഡിന്റെ വശം കുറേഭാഗം പൈപ്പ് പൊട്ടി തകർന്നുകിടക്കുകയാണ്. ഇതിനു സമീപം മറ്റ് മൂന്നിടത്തും പൈപ്പ് പൊട്ടിയിട്ടുണ്ട്.
ഭാരംകയറ്റിയ കൂറ്റൻലോറികൾ നിരന്തരം ഓടുന്ന റോഡാണിത്. അമിതഭാരവുമായി വാഹനങ്ങൾ കടന്നുപോകുമ്പോഴുണ്ടാകുന്ന പ്രഷർകൊണ്ടാണ് പൈപ്പുകൾ അടിക്കടി പൊട്ടുന്നതെന്ന് അധികൃതർ പറയുന്നു. പുതിയ പൈപ്പ് ലൈൻ റോഡിന്റെ വശത്ത് സ്ഥാപിച്ചാൽ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താൻ കഴിയൂ.
നവീകരണം പൂർത്തിയായതോടെ ധാരാളമാളുകൾ ഈ റോഡുവഴി യാത്ര ചെയ്യുന്നുണ്ട്. നഗരൂരിൽ നിന്നുൾപ്പെടെയുള്ളവർക്ക് വെഞ്ഞാറമൂട്ടിലേക്ക് പോകാനുള്ള എളുപ്പവഴിയാണിത്. മാത്രമല്ല നഗരൂരിൽ നിന്ന് ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിൽപ്പെടാതെ ചെമ്പകമംഗലം വഴി തിരുവനന്തപുരത്തേക്ക് പോകാനും ഈ റോഡ് എളുപ്പമാണ്.