ആറ്റിങ്ങൽ: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കാൻ ആറ്റിങ്ങലിൽ സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് പദ്ധതി ആരംഭിച്ചു. പദ്ധതിക്കായി 'ഹരിതമിത്രം' എന്ന മൊബൈൽ ആപ്ലിക്കേഷനും നഗരസഭ അവതരിപ്പിച്ചു. നഗരസഭ കൗൺസിൽ ഹാളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ സെക്രട്ടറി കെ.എസ്.അരുൺ മൊബൈൽ ആപ്പിലെ ആദ്യ ക്യൂ.ആർ കോഡ് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറി. തുടർന്ന് സംഘം നഗരസഭ മുൻ ചെയർമാൻ എം.പ്രദീപിന്റെ വീട്ടിലെത്തി ക്യൂ.ആർ കോഡ് അടങ്ങിയ സ്റ്റിക്കർ പതിപ്പിച്ചു. ഹരിതകേരള മിഷന്റെയും ശുചിത്വമിഷന്റെയും കെൽട്രോണിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
നഗരസഭയിൽ 12,837 വീടുകളിലും 2,437 സ്ഥാപനങ്ങളിൽ നിന്നുമാണ് ഹരിതകർമ്മസേന അംഗങ്ങൾ മാലിന്യ ശേഖരിച്ച് സംസ്കരിക്കുന്നത്. ആദ്യഘട്ടത്തിൽ പുതിയ പദ്ധതി വഴി 5,000 ക്യൂ.ആർ കോഡുകൾ വീടുകളിലും സ്ഥാപനങ്ങളിലും പതിക്കും. ഇതിനായി ഓരോ വാർഡിലും പരിശീലനം ലഭിച്ച രണ്ട് അംഗങ്ങളെ നിയോഗിച്ചു. പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനായി 48 ഹരിതകർമ്മസേന അംഗങ്ങൾക്ക് 35 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. എ.ഡി.എസ്, സി.ഡി.എസ് അംഗങ്ങൾക്കും വാർഡ് കൗൺസിലർമാർക്കും പദ്ധതിയെ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകി. മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് ആപ്ലിക്കേഷനിലൂടെ നഗരസഭയിൽ പരാതിപ്പെടാം. സേവനം ലഭ്യമാകുന്നതിന് ഗുണഭോക്താവിന്റെ റേഷൻകാർഡ്, ആധാർകാർഡ്, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ ഹരിതകർമ്മസേന പ്രവർത്തകർക്ക് കൈമാറണം.
വൈസ് ചെയർമാൻ ജി.തുളസീധരൻപിള്ള, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ഷീജ, എ.നജാം, അവനവഞ്ചേരി രാജു, ഗിരിജ, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, ഹെൽത്ത് സൂപ്പർവൈസർ റാംകുമാർ, ഇൻസ്പെക്ടർ എസ്.എസ്.മനോജ്, ഹരിതകേരളമിഷൻ റിസോഴ്സ് പേഴ്സൺ എൻ.റസീന, ജനപ്രതിനിധികൾ, ശുചിത്വമിഷൻ കെൽട്രോൺ പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.