തിരുവനന്തപുരം: ഒരാഴ്ച മുമ്പ് പുറത്തുവന്ന അങ്കണവാടി വർക്കേഴ്സ് ലിസ്റ്റിൽ അനർഹരെ തിരുകിക്കയറ്റിയതിൽ പ്രതിഷേധിച്ച് അങ്കണവാടി വർക്കേഴ്സ് ലിസ്റ്റിലുൾപ്പെട്ട താത്കാലിക ജീവനക്കാർ സമരം നടത്തി. പേരൂർക്കട വനിതാ ശിശു വികസന വകുപ്പ് അർബൻ 3 ഓഫീസിനു മുന്നിൽ നടത്തിയ സംയുക്ത സമര സമിതിയുടെ പ്രതിഷേധം ബി.ജെ.പി ചെട്ടിവിളാകം ഏരിയ പ്രസിഡന്റ് സനൽകുമാർ ഉദ്ഘാടനം ചെയ്‌തു.
2019ലാണ് അങ്കണവാടി ഹെൽപ്പേഴ്സ് ആൻഡ് വർക്കേഴ്സ് ലിസ്റ്റിലേക്ക് അഭിമുഖ പരീക്ഷ നടന്നത്. 24 അങ്കണവാടി വർക്കർ ഒഴിവുകളിലേക്കായി 346 പേരുടെ ഷോർട്ട്ലിസ്റ്റാണ് അന്ന് തയ്യാറാക്കിയത്. എന്നാൽ, ഇക്കഴിഞ്ഞ 19ന് പുറത്തുവന്ന അന്തിമ പട്ടികയിൽ സീനിയോറിട്ടി പരിഗണിക്കാതെ അർബൻ 3ലെ ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്ട് ഓഫീസറുടെ ബന്ധുക്കളെ തിരുകിക്കയറ്റിയെന്നാണ് ആരോപണം.