
തിരുവനന്തപുരം: സിനിമാ, സീരിയൽ നടി രശ്മി ജയഗോപാൽ (51) അന്തരിച്ചു. ഞായറാഴ്ച ബന്ധുവീട്ടിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആർ.സി.സിയിൽ പ്രവേശിപ്പിച്ചിരുന്നു. അവസാന നാളുകളിലും അഭിനയത്തിൽ സജീവമായിരുന്നു. സംസ്കാരം ഇന്നലെ നെടുമങ്ങാടുള്ള ബന്ധുവിന്റെ വീട്ടുവളപ്പിൽ നടന്നു.
ബംഗളൂരുവിൽ ജനിച്ചു വളർന്ന രശ്മി കോഴിക്കോടായിരുന്നു സ്ഥിരതാമസം. പരസ്യ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തി. നിരവധി സീരിയലുകളിലും മലയാളം, തമിഴ് സിനിമകളിലും അഭിനയിച്ചു. 'സ്വന്തം സുജാത' എന്ന സീരിയലിലെ സാറാമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
സത്യം ശിവം സുന്ദരം, കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്നീ സീരിയലുകളിലും മികച്ച അഭിനയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഭർത്താവ് ജയഗോപാൽ കോഴിക്കോട് കരമംഗലം വിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ്. മകൻ: പ്രശാന്ത് കേശവ.