തിരുവനന്തപുരം: ആർ.എസ്.പി ജില്ലാസമ്മേളനം 23 മുതൽ 25 വരെ കിഴക്കേകോട്ട പ്രിയദർശിനി ഹാളിൽ നടക്കും. നവംബർ 11 മുതൽ 13 വരെ ഡൽഹിയിൽ നടക്കുന്ന ദേശീയ സമ്മേളനത്തിനും ഒക്ടോബർ 14 മുതൽ 17 വരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിനും മുന്നോടിയായാണ് ജില്ലാസമ്മേളനം ചേരുന്നത്. 23ന് രാവിലെ 10.30 ന് പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. തുടർന്ന് റിപ്പോർട്ടിന്മേലുള്ള ചർച്ച നടക്കും.വൈകിട്ട് 3ന് മതേതര ഇന്ത്യയുടെ ഭാവി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ എം.പിമാരായ എൻ.കെ.പ്രേമചന്ദ്രൻ, ശശി തരൂർ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി, ഫോർവേർഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും. 25ന് ഉച്ചയ്‌ക്ക് 12 ന് കരട് രാഷ്ട്രീയ പ്രമേയ അവതരണവും ചർച്ചകൾക്കുള്ള മറുപടിയും പുതിയ കമ്മിറ്റി രൂപീകരണവും നടക്കും.വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ സെക്രട്ടറി ഇറവൂർ പ്രസന്നകുമാർ,സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.ശ്രീകുമാരൻ നായർ,കെ.എസ്.സനൽകുമാർ, കെ.ജയകുമാർ,കെ.ചന്ദ്രബാബു,നഗരസഭാ കൗൺസിലർ പി.ശ്യാംകുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.