തിരുവനന്തപുരം: 2016ൽ ഐ.ആർ.ഡി.എ.ഐ നിർദ്ദേശിച്ച കമ്മിഷൻ അനുവദിക്കുക, ഗ്രാറ്റുവിറ്റി 20 ലക്ഷമായി ഉയർത്തുക തുടങ്ങി 22 ഇന ആവശ്യങ്ങളുന്നയിച്ച് എൽ.ഐ.സി ഏജന്റുമാർ രാജ്യവ്യാപകമായി നടത്തിവരുന്ന സമര പരിപാടികൾ കേരളത്തിലും നടത്താൻ തീരുമാനിച്ചതായി ലൈഫ് ഇൻഷ്വറൻസ് ഏജന്റ്‌സ് ഫെഡറേഷൻ ഒഫ് ഇന്ത്യ (ലിയാഫി) അറിയിച്ചു. ഇതിന്റെ ഭാഗമായി 30ന് എല്ലാ ബ്രാഞ്ച് ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തും. ഒക്ടോബർ 31ന് ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് എല്ലാ ഡിവിഷണൽ ഓഫീസുകൾക്ക് മുന്നിലും ധർണ നടത്തും. നവംബർ 30ന് എല്ലാ സോണൽ ഓഫീസിന് മുന്നിലും ചലോ സോണൽ ഓഫീസ് എന്ന പേരിൽ ധർണയും നടത്തുമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി.കേരളീയൻ,​സെക്രട്ടറി വി. അജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.