
ബാലരാമപുരം: ലഹരിമുക്ത കാട്ടാക്കട മണ്ഡലം എന്ന ലക്ഷ്യത്തിലേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കൂട്ട് എന്ന ബോധവത്കരണവും ലഹരി വിരുദ്ധ കാമ്പെയ്നുകളും സംഘടിപ്പിക്കുന്നു. മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് 1500 വിദ്യാർത്ഥികൾ വോളന്റിയർമാരായി പങ്കെടുക്കും. ഉദ്ഘാടനത്തിന് ആയിരത്തിയെട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മെഗാ യോഗ എക്സിബിഷൻ നടത്തും. ഒക്ടോബർ രണ്ടിന് കാമ്പെയ്നിന്റെ ഉദ്ഘാടനം നരുവാമൂട് ട്രിനിറ്റി കോളേജിൽ നടക്കും.
മണ്ഡലത്തിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും, പി.ടി.എ കമ്മിറ്റികളുടെയും, സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് കാമ്പെയിൻ. മണ്ഡലത്തിലെ സ്കൂളുകളിൽ എൽ.പി , യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കായി ചിത്രരചന, ഉപന്യാസ, മാസ് പ്രശ്നോത്തരി മത്സരങ്ങൾ സംഘടിപ്പിക്കും. കാമ്പെയിനിന്റെയും മെഗാ യോഗ പ്രദർശനത്തിന്റെയും ഉദ്ഘാടനം സംഘാടക സമിതി യോഗം ഐ.ബി സതീഷ് എം.എൽ.എ നിർവഹിച്ചു. നരുവാമൂട് ട്രിനിറ്റി എൻജിനിയറിംഗ് കോളേജിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക അദ്ധ്യക്ഷത വഹിച്ചു. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാരി, വൈസ് പ്രസിഡന്റ് എസ്. സുരേഷ്ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. ടി. മനോജ്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി. കെ .വാസു, വിമുക്തി ജില്ലാ കോർഡിനേറ്റർ വിഘ്‌നേഷ്, പ്രോജക്റ്റ് പി.ആർ. ഒ രോഹിത്ത്, മെമ്പർ എസ്. സുജാത, കാട്ടാക്കട ബി.ആർ.സി കോർഡിനേറ്റർ ശ്രീകുമാർ, ട്രിനിറ്റി കോളേജ് പ്രിൻസിപ്പൽ ഡോ. അരുൺ എന്നിവർ സംസാരിച്ചു.