to

തിരുവനന്തപുരം: കാൽനൂറ്റാണ്ടുമുൻപ് ജനകീയാസൂത്രണത്തിലൂടെ രാജ്യത്തിന് വഴികാട്ടിയ കേരളം, യുവജനങ്ങൾക്ക് തൊഴിൽ ആസൂത്രണം ചെയ്യുന്ന തൊഴിൽ സഭയുമായി രംഗത്ത്. പിണറായി കൺവെൻഷൻ സെന്ററിൽ തൊഴിൽസഭയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഇന്നലെ നിർവഹിച്ചു.

പ്രാദേശിക അടിസ്ഥാനത്തിൽ ഇരുപതിനായിരം വാർഡുകളിൽ തൊഴിൽസഭ സംഘടിപ്പിക്കും. 20ലക്ഷംപേരെ പരിശീലനം നൽകി ഉടനടി തൊഴിലിലേക്കും സംരംഭങ്ങളിലേക്കും എത്തിക്കുകയാണ് ലക്ഷ്യം. ഒക്ടോബറിൽ തുടക്കമാവും.

ബിരുദവും ബിരുദാനന്തരബിരുദവും ഉള്ളവരെ കണ്ടെത്താൻ കുടുംബശ്രീ നടത്തിയ തൊഴിൽസർവേയിൽ രജിസ്റ്റർ ചെയ്തവർക്കു പുറമേ, പ്ലസ്ടുവും അതിൽ കുറഞ്ഞ യോഗ്യതയുള്ളവർക്കും ഇതിൽ പങ്കെടുക്കാം.

ഓരോ വാർഡിലെയും തൊഴിൽരഹിതരെ കണ്ടെത്തി, ഗ്രാമസഭയുടെ മാതൃകയിൽ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലാണ് തൊഴിൽ ആസൂത്രണം ചെയ്യുന്നത്.

തൊഴിലന്വേഷകർ, സ്വയംതൊഴിൽ സംരംഭകർ, തൊഴിൽദായക സംരംഭകർ, സംരംഭങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നവർ, സംരംഭകത്വ മികവ് വർദ്ധിപ്പിക്കേണ്ടവർ, നൈപുണ്യവികസനം ആവശ്യമുള്ളവർ എന്നിവരുടെ കൂടിച്ചേരലാണ് തൊഴിൽസഭ. തൊഴിലും സംരംഭക, പരിശീലന സാദ്ധ്യതകളും സഭയിൽ പരിചയപ്പെടുത്തും.

മികച്ച സംരംഭങ്ങൾക്ക് പ്രോജക്ടുണ്ടാക്കാൻ തദ്ദേശതല, ജില്ലാതല സാങ്കേതിക സമിതി സഹായിക്കും. പ്രോജക്ടുകൾക്ക് അനുമതിയും ലൈസൻസും വേഗത്തിലാക്കും. മികച്ച സംരംഭങ്ങൾക്ക് മൂലധനം ലഭ്യമാക്കാൻ ധനകാര്യ സ്ഥാപനങ്ങൾക്ക് ശുപാർശ നൽകും.

നൈപുണ്യ വികസനം, ഭാഷാ-ആശയവിനിമയ ശേഷി വർദ്ധിപ്പിക്കാൻ സോഫ്‌റ്റ് സ്കിൽ പരിശീലനം, തൊഴിൽക്ഷമത ഉറപ്പാക്കാൻ ഫിനിഷിംഗ് സ്കൂൾ, ഇടവേളയുള്ളവർക്ക് പുനർ പരിശീലനം, വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവർക്ക് പ്രത്യേക പരിശീലനം എന്നിവ നൽകും. വിവാഹത്തെതുടർന്ന് തൊഴിൽ നിറുത്തിയവർ, വിധവകൾ, വേർപിരിഞ്ഞു താമസിക്കുന്നവർ, പട്ടികവിഭാഗങ്ങൾ, ആദിവാസികൾ, മത്സ്യത്തൊഴിലാളികൾ, ട്രാൻസ്ജെൻഡറുകൾ, ഭിന്നശേഷിക്കാർ എന്നിവരെയും സഭയിൽ ഉൾപ്പെടുത്തും. ഒക്ടോബർ 15-31നകം തൊഴിൽസഭകൾ എല്ലായിടത്തും ചേരും.


തൊഴിൽ വരുന്ന വഴി

1)തൊഴിലന്വേഷകരെ പ്രാദേശികമായും സംസ്ഥാനതലത്തിലും സംസ്ഥാനത്തിനു പുറത്തും തൊഴിൽദാതാക്കളുമായി ബന്ധിപ്പിക്കും.


2)സർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും തൊഴിൽ അവസരങ്ങൾ തദ്ദേശസ്ഥാപനങ്ങളിലൂടെ തൊഴിലന്വേഷകരെ പരിചയപ്പെടുത്തും.


3)തൊഴിലന്വേഷകരുടെ കാര്യശേഷി കൂട്ടാൻ സർക്കാരിന്റെ പരിശീലന ഏജൻസികളെയടക്കം ഉപയോഗിക്കും.


4)സർക്കാരിന്റെ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങളുടെ പ്രാദേശിക സാമ്പത്തിക-വികസന പദ്ധതികളെ സംയോജിപ്പിക്കും.

5)ബ്ലോക്ക്തലത്തിൽ എംപ്ലോയബിലിറ്റി സെന്ററുകളും എംപ്ലോയ്മെന്റ് ഇൻഫർമേഷൻ സെന്ററുകളും സ്ഥാപിക്കും.

6. തൊഴിലന്വേഷകരെ ഈ സെന്ററുമായി ബന്ധിപ്പിക്കാൻ ഹെൽപ്പ്ഡെസ്ക്, നഗരസഭകളിൽ സംരംഭകത്വ, എംപ്ലോയ്മെന്റ് ഇൻഫർമേഷൻ സെന്ററുകളുമുണ്ടാവും.

..............................................

# തൊഴിൽ രഹിതർ 53ലക്ഷം

58%:

സ്ത്രീകൾ

29 ലക്ഷം:

23- 40 പ്രായക്കാർ

37.71 ലക്ഷം:

എംപ്ലോ. എക്സ്‌ചേഞ്ചുകളിൽ

രജിസ്റ്റർ ചെയ്തവർ

..............................................................................

എംപ്ലോ. എക്സ്‌ചേഞ്ചുകളിൽ

രജിസ്റ്റർ ചെയ്തവരിൽ ഇവരും

എൻജി. ബിരുദധാരികൾ...............................47400

എൻജി.ഡിപ്ലോമക്കാർ....................................38,206

എം.ബി.ബി.എസുകാർ......................................8,559

വനിതാഡോക്ടർമാർ.........................................7158

വനിതാ എൻജിനിയർമാർ............................. 26,163

പട്ടികജാതിക്കാർ..............................................-5,43,721

പട്ടികവിഭാഗക്കാർ.............................................. 43,874

`പ്രാദേശികമായി യുവാക്കളെ സംഘടിപ്പിച്ച് തദ്ദേശസ്ഥാപനങ്ങളിലൂടെ തൊഴിലിലേക്കെത്തിക്കാനുള്ള പദ്ധതി ലോകത്തുതന്നെ ആദ്യത്തേതാണ്. ജനകീയ ഇടപെടലിലൂടെ ബദലുകൾ സൃഷ്ടിക്കുന്ന മറ്റൊരു കേരളമാതൃകയാണിത്.'

-എം.ബി.രാജേഷ്

തദ്ദേശവകുപ്പ് മന്ത്രി