വർക്കല:ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവ മഹാസമാധി വിശ്വശാന്തി ദിനമായി ഇന്ന് ആചരിക്കും. സംസ്ഥാനത്ത് 25 സ്ഥലങ്ങളിൽ നിന്നാരംഭിക്കുന്ന ഗുരു സന്ദേശ ജാഥ ഇന്ന് കൊല്ലം പ്രസ് ക്ലബ് അങ്കണത്തിൽ സംഗമിക്കും. അവിടെനിന്ന് ഒറ്റ ജാതയായി ശിവഗിരിയിലേക്ക് പുറപ്പെടും. പകൽ മൂന്നിന് ശിവഗിരി മഠത്തിന് സമീപംവച്ച് ശിവഗിരി മഠത്തിലെ സ്വാമി കൃഷ്ണാനന്ദയും സംഘം ജില്ലാ പ്രസിഡന്റ് വർക്കല മോഹൻദാസും ചേർന്ന് സ്വീകരിക്കും. തുടർന്ന് മഹാസമാധി സമ്മേളനം സി.പി.ഐ ദേശീയ കൺട്രോൾ കമ്മീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംഘം കേന്ദ്രസമിതി പ്രസിഡന്റ് എഴുകോൺ രാജ്മോഹൻ അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബി. സ്വാമിനാഥൻ സമാധി സന്ദേശം നൽകും. വനിതാ വിഭാഗം കൺവീനർ ശാന്തിനി കുമാരൻ, വർക്കല മോഹൻദാസ്, ഓടനാവട്ടം ഹരീന്ദ്രൻ, കരീപ്ര സോമൻ, പന്തളം ശിവാനന്ദൻ, ഉമാദേവി, ശോഭന ആനക്കോട്ടൂർ എന്നിവർ സംസാരിക്കും.