ചിറയിൻകീഴ്:ശ്രീനാരായണ ഗുരുദേവ മഹാസമാധി ദിനാചരണം ചിറയിൻകീഴ് മേഖലയിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് ആചരിക്കും. ചിറയിൻകീഴ് ശാർക്കര ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ താലൂക്ക്തല മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി രാവിലെ ഒൻപതിനു മഹാസമാധി ദിന സന്ദേശ സംഗമം നിയമസഭ മുൻ ഡപ്യൂട്ടി സ്പീക്കർ വി.ശശി എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തന്റെ അദ്ധ്യക്ഷതയിൽ ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി. സീരപാണി ഗുരു സന്ദേശ പ്രഭാഷണം നടത്തും. ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി മുഖ്യ പ്രഭാഷണം നിർവഹിക്കും. രാവിലെ 8ന് അഖണ്ഡനാമജപയഞ്ജവും സമൂഹ ഗുരുപുഷ്പാഞ്ജലിയും നടക്കും.10ന് വക്കം രമണി ടീച്ചറും സംഘവും നയിക്കുന്ന ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണം, കഞ്ഞിനിവേദ്യം. 3.30 നു സമാധി ദിന പ്രാർഥനാ യജ്ഞ സമാപനം. വൈകിട്ട് 5.30ന് ഗുരുപൂജ. 6.30നു ദൈവദശക കീർത്തനാലാപനം, മഹാഗുരുപൂജ, വലിയ കാണിയ്ക്ക എന്നിവയോടെ സമാപിക്കും.
സഭവിള ശ്രീനാരായണാശ്രമത്തിലും ഭക്തിനിർഭരമായ ചടങ്ങുകളോടെ മഹാസമാധി ദിനാചരണം നടക്കും. രാവിലെ 8ന് അഖണ്ഡനാമജപയജ്ഞം. പെരുങ്ങുഴി നാലുമുക്ക് ശ്രീനാരായണ ഗുരുക്ഷേത്ര മണ്ഡപത്തിൽ ഉച്ചയ്ക്ക് 1.30 നു നടക്കുന്ന ഉപവാസ യജ്ഞം ശാർക്കര ഗുരുക്ഷേത്രസമിതി പ്രസിഡന്റ് ഡോ.ബി.സീരപാണി ഉദ്ഘാടനം ചെയ്യും. ഗുരുമണ്ഡപ സമിതി പ്രസിഡന്റ് ബൈജു തോന്നയ്ക്കൽ നേതൃത്വം നൽകും.
മേഖലയിൽ ഗാന്ധീ സ്മാരകം, കടയ്ക്കാവൂർ, ചിറമൂല, അഞ്ചുതെങ്ങ്, അഴൂർ, കോട്ടപ്പുറം, കോളിച്ചിറ, പെരുങ്ങുഴി, ഇടഞ്ഞുംമൂല, മുടപുരം, കടകം, ആനത്തലവട്ടം, ഗുരുവിഹാർ, വക്കം, കവലയൂർ, തിനവിള, കീഴാറ്റിങ്ങൽ, കൊച്ചാലുംമൂട്, മുട്ടപ്പലം ദൈവദശകം, ശിവകൃഷ്ണപുരം, കിഴുവിലംപൊയ്കവിള, നെടുങ്ങണ്ട ഒന്നാംപാലം, എസ്.എൻ ജംക്ഷൻ, പുതുക്കരി, ഗുരുസാഗരം എന്നിവിടങ്ങളിലെ എസ്.എൻ.ഡി.പി ശാഖാ യോഗങ്ങൾ, ഗുരുക്ഷേത്ര മണ്ഡപങ്ങൾ, വിവിധ ശ്രീനാരായ പ്രസ്ഥാനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം നടക്കും.
താലൂക്കുതല മഹാസമാധി പ്രാർഥനായജ്ഞത്തിൽ പങ്കെടുക്കേണ്ട ശാഖാ യോഗം -എസ്.എൻ ട്രസ്റ്റ് - വനിതാ സംഘം - യൂണിയൻ ഭാരവാഹികൾ രാവിലെ 9 മണിക്കു മുൻപായി ശാർക്കര ഗുരുക്ഷേത്ര മണ്ഡപത്തിൽ എത്തിച്ചേരണമെന്നു യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി അറിയിച്ചു.