
ആറ്റിങ്ങൽ: ശിവഗിരിമഠത്തിന്റെ വികസനത്തിന് കേന്ദ്രം തുക അനുവദിച്ചിട്ടും മുഖ്യമന്ത്രി യാതൊന്നും ചെയ്യുന്നില്ലെന്ന് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ശോഭ കരന്ത്ലാജെ . ആറ്റിങ്ങൽ പാർലമെന്റ് മണ്ഡല സന്ദർശനത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.ശിവഗിരി മഠത്തിന്റെ വികസനത്തിനായി 66.4 കോടി രൂപ കേന്ദ്രം അനുവദിച്ചു. ഈ പദ്ധതി ഏറ്റെടുത്ത കേരള ടൂറിസം ഡിപ്പാർട്ട്മെന്റ് പൂർത്തീകരിക്കുന്നില്ല. ഒടുവിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ നിർദ്ദേശത്തിൽ ഐ.ടി.ഡി.സി ക്ക് നിർമ്മാണച്ചുമതല നൽകി. 12 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനാണ് തീരുമാനം. പിണറായി സർക്കാരിന്റെത് തുഗ്ലക് പരിഷ്‌കാരങ്ങളാണ്. ലോട്ടറിയും മദ്യവും മാത്രമാണ് കേരളത്തിലെ ഇന്നത്തെ വ്യവസായം. രാഷ്ട്രീയത്തിനല്ലാതെ വികസനത്തിനായി ദില്ലിയിൽ വന്നാൽ എല്ലാ സഹായവും ഉണ്ടാകും. കേന്ദ്രം പണം നല്‍കാൻ തയ്യാറെങ്കിലും പുതിയ പദ്ധതികൾ കൊണ്ടുവരാൻ കേരള സർക്കാരിന് താത്പര്യമില്ല. കേരളം കർഷകരെ സഹായിക്കുന്നില്ല. കേന്ദ്രസർക്കാരിന്റെ കാർഷിക പദ്ധതികൾ നടപ്പിലാക്കാൻ മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്.ശബരിമല, ശ്രീനാരായണ ഗുരുവിന്റെയും ശങ്കരാചാര്യരുടെയും ഗ്രാമങ്ങൾ, നല്ല പ്രകൃതി എന്നിവയെല്ലാം കാണാൻ ഇവിടെ ധാരാളം പേർ എത്തുന്നുണ്ട്. ഇവയുടെ അടിസ്ഥാന വികസനത്തിന് തുക അനുവദിച്ചിട്ടും പ്രവർത്തനങ്ങൾക്ക് മേൽനോട്ടം ഉണ്ടാകുന്നില്ല. അഴിമതിക്കെതിരായ നീക്കങ്ങളാണ് ഗവർണർ നടത്തുന്നത്. ഗവർണർ ഭരണഘടനാ തലവനാണെന്നത് മറക്കരുത്-കേന്ദ്രമന്ത്രി പറഞ്ഞു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ്, ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ്, ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ഹരി ജി .ശാർക്കര, മുളയറ രതീഷ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.