തിരുവനന്തപുരം: റിസോഴ്സ് അദ്ധ്യാപകരുടെ ഇ.പി.എഫ് വിഹിതത്തിൽ ആറ്റിങ്ങൽ ഡയറ്റ് ഓഫീസ് കുടിശ്ശിക വരുത്തിയത് 1.15 കോടി രൂപ. ഇക്കഴിഞ്ഞ 16ന് തിരുവനന്തപുരം ഇ.പി.എഫ് ഓഫീസിലെ അധികൃതർ നേരിട്ടെത്തി ഓഫീസ് ജപ്‌തി നടത്തി. എന്നിട്ടും തീരുമാനമെടുക്കാതെ ഇരുട്ടിൽ തപ്പുകയാണ് നടപടിയെടുക്കേണ്ട ഉത്തരവാദപ്പെട്ടവർ. ആറ്റിങ്ങലിലെ ഓഫീസിൽ ജപ്‌തി നോട്ടീസ് പതിക്കുകയും കവാടത്തിൽ ബാനർ സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്.
സ്‌കൂളിലെ ഭിന്നശേഷി വിഭാഗം കുട്ടികളുടെ പഠന പുരോഗതിക്ക് 2001 മുതൽ കരാറടിസ്ഥാനത്തിൽ നിയമിച്ചിരുന്ന 92 റിസോഴ്സ് അദ്ധ്യാപകരുടെ ഇ.പി.എഫ് വിഹിതത്തിലാണ് കുടിശ്ശിക വരുത്തിയത്. വിദ്യാഭ്യാസ വകുപ്പിന്റെ തണുപ്പൻ മട്ടുകാരണം വെട്ടിലായത് ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടാണ് (ഡയറ്റ്). സർക്കാർ തന്നെയാണ് ഈ തുക അടയ്ക്കേണ്ടത്.
ആറായിരം രൂപയാണ് തുടക്കത്തിൽ റിസോഴ്സ് അദ്ധ്യാപകർക്ക് ഏകീകൃത ശമ്പളമായി നൽകിയത്. പിന്നീട് തുക കൂട്ടിയതിന് ആനുപാതികമായി ഇ.പി.എഫും ഏർപ്പെടുത്തി. ഇ.പി.എഫ് വിഹിതം അടയ്ക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ധ്യാപകർ കോടതിയെ സമീപിച്ചതിനെ തുടർന്ന് 2001 ആഗസ്റ്റ് മുതൽ 2013 ആഗസ്റ്റ് വരെ 1.25 കോടി രൂപ പി.എഫ് വിഹിതത്തിൽ അടിയന്തരമായി അടയ്‌ക്കാൻ കോടതി ഉത്തരവിട്ടെങ്കിലും പണം അടയ്‌ക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടികളൊന്നും കൈക്കൊണ്ടില്ല. ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ 10 ലക്ഷം രൂപ അടച്ചു. 1.15 കോടി രൂപയാണ് ഈ ഇനത്തിൽ ഇപ്പോഴും കുടിശികയുള്ളത്.
തുക അടയ്‌ക്കാൻ നിരവധി തവണ ഇ.പി.എഫ് അധികൃതർ ഡയറ്റ് പ്രിൻസിപ്പൽമാർക്ക് കത്തുനൽകി. പ്രിൻസിപ്പൽമാർ യഥാസമയം ഇക്കാര്യം വിദ്യാഭ്യാസ വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിക്കാൻ ധനവകുപ്പ് തയാറായില്ലെന്നാണ് അധികൃതർ പറയുന്നത്. തിരുവനന്തപുരത്തെ ഡയറ്റിനു മാത്രമായി പണം നൽകാനാവില്ലെന്നും അങ്ങനെ വന്നാൽ മറ്റു ജില്ലക്കാരും കോടതിയെ സമീപിക്കാൻ സാദ്ധ്യതയുണ്ടെന്നാണത്രേ ധനവകുപ്പിന്റെ അഭിപ്രായം.