
തിരുവനന്തപുരം: പൂജപ്പുര മണ്ഡപത്തിലെ നവരാത്രി ആഘോഷ ഒരുക്കങ്ങൾ വിലയിരുത്താൻ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ യോഗം വിളിച്ചുചേർത്തു. തിരക്ക് നിയന്ത്രിക്കുന്നതിലും സുരക്ഷ ഒരുക്കുന്നതിനും ആവശ്യമായ നടപടിയെടുക്കാൻ യോഗത്തിൽ തീരുമാനമായി. ഗതാഗത ക്രമീകരണവും പാർക്കിംഗിന് പ്രത്യേക സംവിധാനവും ഉണ്ടാകും. വനിതാ പൊലീസുകാരുടെ സേവനം കൂടുതലായി പ്രയോജനപ്പെടുത്തും.
ശുചീകരണം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ നേതൃത്വം നഗരസഭ ആരോഗ്യവിഭാഗത്തിനാണ്. വഴിയോര കച്ചവടത്തിന് നിയന്ത്രണമുണ്ടാകും. അമ്യൂസ്‌മെന്റ് പാർക്കിന്റെ സുരക്ഷാസംവിധാനങ്ങൾ കർശനമായി പരിശോധിക്കും. വാർഡ് കൗൺസിലർ വി.വി. രാജേഷ്, സരസ്വതി ക്ഷേത്രം ജനകീയ സമിതി പ്രസിഡന്റ് കെ. മഹേശ്വരൻ നായർ, സെക്രട്ടറി കെ. ബാലചന്ദ്രൻ, ട്രഷറർ കെ. ശശികുമാർ, പൊലീസ്, ട്രാഫിക്, കെ.എസ്.ഇ.ബി, വാട്ടർ അതോറിട്ടി, റവന്യൂ, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പൂജപ്പുര സരസ്വതീമണ്ഡപ ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.