നെയ്യാറ്റിൻകര: എട്ടുവയസുകാരനെ ബിയർ കുടിപ്പിച്ച സംഭവത്തിൽ ഇളയച്ഛനെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റുചെയ്‌തു. തൊഴുക്കൽ തൈത്തോട്ടം വീട്ടിൽ മനുവാണ് തിരുവോണദിവസം കുട്ടിക്ക് ബിയർ നൽകിയത്. കുട്ടിയുടെ അച്ഛൻ ബിനുവിന്റെ സഹോദരനാണ് മനു. ഇരുവരും അടുത്തടുത്ത വീടുകളിലാണ് താമസിക്കുന്നത്.
ബിവറേജിൽ പോയി ബിയർ വാങ്ങിയശേഷം ആളൊഴിഞ്ഞ പറമ്പിൽ പോയി ഇദ്ദേഹം കുട്ടിയെ കൊണ്ട് നിർബന്ധിപ്പിച്ച് ബിയർ കുടിപ്പിക്കുകയായിരുന്നു. 'കുടിയെടാ.. ഒന്നും പേടിക്കണ്ട, അച്ഛച്ചൻ എല്ലാം നോക്കിക്കോളാം, ധൈര്യമായിട്ട് കുടിക്ക് ' - എന്ന് കുട്ടിയോട് പറയുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. ഈസമയം അതുവഴി പോയ ഒരാൾ കുട്ടി ബിയർ കുടിക്കുന്ന ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.
ദൃശ്യങ്ങൾ ചില സാമൂഹിക മാദ്ധ്യമങ്ങൾ വഴി പ്രചരിച്ച സംഭവം ശ്രദ്ധയിൽപ്പെട്ട ചൈൽഡ്ലൈൻ പ്രവർത്തകർ നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.