
പാലോട്: ആദിവാസി സമൂഹത്തിന്റെ ബുദ്ധിമുട്ടുകളറിയാൻ പെരിങ്ങമ്മല പഞ്ചായത്തിലെ ഞാറനീലി ആദിവാസി ഊരിലെത്തിയ കേന്ദ്രമന്ത്രി ശോഭ കരന്ത്ലാജെയ്‌ക്ക് ആദിവാസികളും ബി.ജെ.പി പ്രവർത്തകരും ചേർന്ന് സ്വീകരണം നൽകി.
ഏറെസമയം ഇവിടെ ചെലവഴിച്ച മന്ത്രി നാട്ടുകാരുടെ പരാതി കേട്ടു.
കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ കിട്ടുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ കേന്ദ്ര പദ്ധതികൾ ഇവിടെ പേര് മാറ്റിയാണ് നടപ്പിലാക്കുന്നതെന്ന് ബി.ജെ.പി നേതാക്കൾ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ ആവശ്യത്തിന് ജോലിയും കൃത്യസമയത്ത് കൂലിയും കിട്ടുന്നില്ലെന്ന് ചിലർ പരാതിപ്പെട്ടു. വനാവകാശ നിയമത്തിലെ പ്രശ്‌നങ്ങൾ മൂലം റോഡുവെട്ടാൻ സാധിക്കാത്തത്, വൈദ്യുതി തൂണുകൾ സ്ഥാപിക്കുന്നതിലെ തടസം, ആദിവാസി മേഖലയിലെ ലഹരി ഉപയോഗം വർദ്ധിക്കുന്നത്, വന്യ മൃഗങ്ങളുടെ ശല്യം, സർക്കാർ സർവീസിലുള്ള സംവരണത്തിലെ അപാകതകൾ തുടങ്ങിയ വിഷയങ്ങൾ ഊരിലുള്ളവർ മന്ത്രിയോട് പറഞ്ഞു.
സമീപത്തെ ശാന്തയുടെ കുടിലിൽ നിലത്തിരുന്ന് കപ്പയും മുളകും മീൻ കറിയും സാമ്പാറും ചേർന്ന ഊണും കഴിച്ചാണ് മന്ത്രി മടങ്ങിയത്. മന്ത്രിയോടൊപ്പം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ്, ജില്ലാ സെക്രട്ടറി മുളയറ രതീഷ്, മണ്ഡലം പ്രസിഡന്റ് മുകേഷ് മാറനാട് തുടങ്ങിയവരുമുണ്ടായിരുന്നു.