
നെടുമങ്ങാട്: 23 മുതൽ 26 വരെ നെടുമങ്ങാട് നടക്കുന്ന കർഷക സംഘം ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ആചരിച്ചു. തിരുവനന്തപുരത്ത് ചാലയിൽ ജില്ലാ സെക്രട്ടറി കെ.സി.വിക്രമൻ പതാക ഉയർത്തി. നെടുമങ്ങാട്ട് അഡ്വ.ആർ.ജയദേവൻ പതാക ഉയർത്തി. നെടുമങ്ങാട് ഏരിയയിൽ 145 കേന്ദ്രങ്ങളിലാണ് പതാക ഉയർത്തിയത്. അഗ്രി ഫെസ്റ്റ് നഗറിൽ വിദ്യാർത്ഥികൾക്കായി നടത്തിയ കാർഷിക ക്വിസിൽ യു.പി വിഭാഗത്തിൽ കന്യാകുളങ്ങര എച്ച്.എസ്.എസിലെ അഖില സതീഷ്, ഫൈസിയ ഫാത്തിമ എന്നിവർ ഒന്നാം സ്ഥാനം നേടി.എച്ച്.എസ് വിഭാഗത്തിൽ പൂവത്തൂർ എച്ച്.എസ്.എസിലെ റിയ ഒന്നാം സ്ഥാനം നേടി. കോളേജ് വിഭാഗത്തിൽ അനീഷ,ക്രിസ്റ്റീന എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു. കാർഷിക പ്രവൃത്തി മത്സരങ്ങളും സംഘടിപ്പിച്ചു. ഓല മെടയൽ മത്സരത്തിൽ റീജയും വല്ലം മെടയൽ മത്സരത്തിൽ എൻ.സുകുമാരൻ നായരും കണ്ണ് കെട്ടി താറാവ് പിടിത്തത്തിൽ സെലീനയും വിജയികളായി.കവിയരങ്ങും ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയുടെ നാടകവും ഗ്രാമസേവാസമിതി ഗ്രന്ഥശാലയുടെ നൃത്തവും നടന്നു.നാളെ വൈകിട്ട് 4ന്ചുളളിമാനൂരിൽ നടക്കുന്ന കാർഷിക സെമിനാർ കോലിയക്കോട് കൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്യും.