
തിരുവനന്തപുരം: മൺവിളയിൽ യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കുളത്തൂർ കരിമണൽ തട്ടാക്കുടി തിരുവോണം വീട്ടിൽ സച്ചു (23), കുളത്തൂർ കിഴക്കുംകര മറീന ഹൗസിൽ മുത്തുവെന്ന് വിളിക്കുന്ന വിഷ്‌ണു രാജൻ (38) എന്നിവരെയാണ് തുമ്പ പൊലീസ് അറസ്റ്റുചെയ്‌തത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മൺവിള സ്വദേശി സുൽഫിക്കറിനെയും സുഹൃത്തുക്കളെയും പ്രതികൾ വീട്ടിൽ അതിക്രമിച്ചുകയറി വെട്ടുകത്തി കൊണ്ട് വെട്ടിയും കത്തികൊണ്ട് കുത്തിയും പരിക്കേല്പിക്കുകയായിരുന്നു. പ്രതികൾക്കെതിരെ മുമ്പ് പൊലീസിൽ പരാതി നൽകിയതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണം.
സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതികളെ തുമ്പ എസ്.എച്ച്.ഒ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഇൻസമാം, പ്രസൂൻ നമ്പി, എ.എസ്.ഐ ഷാനവാസ്, സി.പി.ഒമാരായ ഷിബുലാൽ, ബിനു ശ്രീദേവി, ആഷിക് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.