ആര്യനാട്: ഒളിച്ചോട്ടവുമായി ബന്ധപ്പെട്ട കേസിൽ കക്ഷികളെ കോടതിയിൽ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ആര്യനാട് സ്റ്റേഷനിൽ വനിതാ പൊലീസുകാർ തമ്മിൽ വാക്കുതർക്കം. എസ്.ഐ എൽ. ഷീനയുടെ മുന്നിൽ വച്ചാണ് പൊലീസുകാരായ ഗിരിജയും സരിതയും അച്ചടക്കം മറന്ന് പോരടിച്ചത്.

ഇവരുടെയും വാക്കുതർക്കം ഉച്ചത്തിലായതോടെ പുറത്തുനിന്ന് നാട്ടുകാർ സ്റ്റേഷനിലേക്കെത്തി. നാട്ടുകാരിൽ ചിലർ ചിത്രീകരിച്ച ദൃശ്യങ്ങൾ ഇതിനോടകം വൈറലായി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. തർക്കം വിവാദമായതോടെ സ്‌പെഷ്യൽബ്രാഞ്ച് മേലധികാരിക്ക് റിപ്പോർട്ട് നൽകി. സി.ഐ എസ്.എം. പ്രദീപ് കുമാർ വനിതാ പൊലീസുകാർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്.

ആര്യനാട് സ്റ്റേഷൻ പരിധിയിൽ വിവാഹിതൻ 18കാരിയുമായി ഒളിച്ചോടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കണ്ടെത്തിയ ഇരുവരെയും കോടതിയിൽ ഹാജരാക്കാൻ എസ്.ഐ വനിതാ പൊലീസുകാരിൽ ഒരാളോട് നിർദ്ദേശിച്ചു. ഈ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കമുണ്ടായത്. ആരാണ് സീനിയർ, ജൂനിയർ എന്നത് സംബന്ധിച്ച് ഇവർ തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. ഇതാണ് പരസ്‌പരമുള്ള പോർവിളികളിലേക്ക് നീങ്ങിയത്.

'എനിക്ക് സൗകര്യമില്ല ചെയ്യാൻ, നീ എവിടെയോ പോയി പരാതി കൊടുക്ക്, നീ എന്ത് വേണേലും ചെയ്‌തോ' എന്നതുൾപ്പെടെ പൊലീസുകാരിൽ ഒരാൾ പറയുന്നതും വീഡിയോയിൽ കേൾക്കാം. സംഭവം നടക്കുമ്പോൾ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമുൾപ്പെടെ നിരവധി പേർ സ്ഥലത്തുണ്ടായിരുന്നു.