തിരുവനന്തപുരം: സാർവദേശീയമായി അംഗീകരിക്കപ്പെട്ട എട്ടുമണിക്കൂർ തൊഴിൽ സമയം അട്ടിമറിക്കാനും 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനുമുള്ള കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റിന്റെയും സർക്കാരിന്റെയും നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും നടപടി പിൻവലിക്കണമെന്നും എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന തൊഴിൽ സമയ സംരക്ഷണ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ എം.പി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ട്രാൻ. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം.ജി.രാഹുൽ, സംസ്ഥാന വൈസ് പ്രസിഡന്റ് പി.വിജയമ്മ, ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ജില്ലാസെക്രട്ടറി മീനാങ്കൽ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എം.ശിവകുമാർ , വർക്കിംഗ് കമ്മിറ്റിഅംഗം കവിതാ സന്തോഷ് എന്നിവർ സംസാരിച്ചു.