
പാറശാല: വൃദ്ധയുടെ രണ്ടര പവന്റെ മാല പൊട്ടിച്ച് കടക്കാൻ ശ്രമിച്ച യുവതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.പാറശാല താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാവിലെ 10.30 മണിക്കാണ് സംഭവം. ഫാർമസിയിൽ മരുന്ന് വാങ്ങാൻ എത്തിയ സ്ത്രീയുടെ മാലയാണ് പുറകിൽ നിന്ന മൂന്നംഗ സംഘത്തിലെ ഒരാൾ പൊട്ടിക്കാൻ ശ്രമിച്ചത്.മാലയുടെ കൊളുത്ത് മാറ്റിയതിനിടെ മുന്നിലേക്ക് വീണത് കണ്ടതോടെ സംഘത്തിലെ രണ്ട് പേർ സ്ഥലം വിട്ടെങ്കിലും മാല പൊട്ടിക്കാൻ ശ്രമിച്ച സ്ത്രീ സമീപത്തെ പേവാർഡിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് വേഷം മാറി എത്തി എങ്കിലും വൃദ്ധ തിരിച്ചറിഞ്ഞതുകാരണം ആശുപത്രിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കവെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. താൻ സേലം മാരിയമ്മൻ കോവിൽ സ്ട്രീറ്റിൽ വള്ളി (44) യാണ്എന്ന് ആദ്യം പറഞ്ഞിരുന്നുവെങ്കിലും പിന്നീട് ചെന്നൈ മേൽത്തെരുവ് ടി നഗറിലെ ഡി.എം.നമ്പർ 5 ലെ പൂജ(35) ആണെന്നാണ് പൊലീസിനോട് പറഞ്ഞത്.