തിരുവനന്തപുരം: ആർ.എസ്.എസിന്റെ ശാഖയിൽ കബഡി കളിക്കാൻ പോകുന്ന കുട്ടികൾ പറയുന്നതു പോലെയാണ് ഗവർണർ പറയുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പരിഹസിച്ചു. കേന്ദ്ര നയങ്ങൾക്കെതിരെ സി.പി.എം കേന്ദ്രകമ്മിറ്റി ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗവർണർക്ക് സമചിത്തത നഷ്ടപ്പെട്ടുവെന്ന് ജനങ്ങൾ ചിന്തിച്ചാൽ അവരെ കുറ്റം പറയാനാവില്ല. ഭരണഘടന അനുശാസിക്കുന്ന വിധത്തിലേ ഗവർണർക്ക് പ്രവർത്തിക്കാനാവൂ. സർക്കാരിന് ഒരു ബേജാറുമില്ല. നിയമപരമായ കാര്യങ്ങൾ സർക്കാർ നിർവഹിക്കും. ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണറാണ് തൃശൂരിൽ കെട്ടിക്കിടന്ന് ആർ.എസ്.എസിന്റെ സർസംഘചാലകിനെ കണ്ടത്.
എല്ലാം പറയുമെന്നു പറഞ്ഞ് നടത്തിയ വാർത്താസമ്മേളനത്തിൽ ഒന്നും പറയാനായില്ല. തന്നെ കൊല്ലാൻ ശ്രമിച്ച ഗുണ്ട എന്നാണ് വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനെക്കുറിച്ച് ആദ്യം പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട ദൃശ്യത്തിൽ വി.സി ഗവർണറെ സംരക്ഷിക്കുന്ന കാഴ്ചയാണ്. അതിനാൽ ഇതുവരെയും കുഴപ്പക്കാരനെന്ന് വിളിച്ച വി.സിയെക്കുറിച്ച് ഒന്നും മിണ്ടിയില്ല.
2024ൽ വീണ്ടും മോദി അധികാരത്തിലെത്തിയാൽ ആർ.എസ്.എസ് മുമ്പേ ലക്ഷ്യമിട്ട ഹിന്ദുരാഷ്ട്രം നിലവിൽവരും. അതിനെ ചെറുത്തുതോല്പിക്കാനുള്ള ബദലാവാനുള്ള ശേഷി കോൺഗ്രസിനില്ല. സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി, എം.എൽ.എമാരായ വി.ജോയി, വി.കെ. പ്രശാന്ത് തുടങ്ങിയവർ പങ്കെടുത്തു.