1

പോത്തൻകോട്: വ്രതശുദ്ധിയുടെ നിറവിൽ ശാന്തിഗിരി ആശ്രമത്തിൽ പൂർണ കുംഭമേള നടന്നു. ഇന്നലെ വൈകിട്ട് 5 ന് നടന്ന കുംഭമേള ഘോഷയാത്ര ആശ്രമ സമുച്ചയം വലം വച്ചു. പഞ്ചവാദ്യവും നാദസ്വരവും മുത്തുക്കുടകളും കുംഭമേളക്ക് അകമ്പടിയൊരുക്കി. ദീപമേന്തിയ ഭക്തരും ഘോഷയാത്രയുടെ ഭാഗമായി. കുംഭങ്ങളും ദീപങ്ങളും ഗുരുസന്നിധിയിൽ സമർപ്പിച്ചതോടെ ചടങ്ങുകൾക്ക് സമാപനമായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങൾ പങ്കുചേർന്ന കുംഭഘോഷയാത്ര ശാന്തിഗിരി ആശ്രമത്തെ ഭക്തിസാന്ദ്രമാക്കി. കുംഭമേളയോടനുബന്ധിച്ച് ഇന്നലെ രാവിലെ 5ന് താമര പർണശാലയിൽ സന്ന്യാസ സംഘത്തിന്റെയും നിയുക്തരായവരുടെയും നേതൃത്വത്തിൽ പ്രത്യേക പുഷ്പാജ്ഞാലി നടന്നു. ചടങ്ങുകൾക്ക് ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ നേതൃത്വം നൽകി.