തിരുവനന്തപുരം: സർവീസിൽ നിന്നു പിരിച്ചുവിട്ട ഉദ്യോഗസ്ഥന് അനുകൂല വിധിയുണ്ടായിട്ടും പ്രോവിഡന്റ് ഫണ്ട് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. തിരുവനന്തപുരം എം.ജി കോളേജ് പ്രിൻസിപ്പലിൽ നിന്നാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിശദീകരണം തേടിയത്. ഒക്ടോബർ 17 നകം റിപ്പോർട്ട് സമർപ്പിക്കണം. എം.ജി കോളേജിൽ ഹെഡ് അക്കൗണ്ടന്റായിരുന്ന ശാസ്തമംഗലം കെ. വിശ്വംഭരൻ നായരുടെ പരാതിയിലാണ് നടപടി. അഴിമതിയോട് പ്രതികരിച്ചതിനാ ണ് ജോലിയിൽ നിന്നു പിരിച്ചുവിട്ടതെന്ന് പരാതിയിൽ പറയുന്നു. പ്രോവിഡന്റ് ഫണ്ട്, ഗ്രൂപ്പ് ഇൻഷ്വറൻസ്, ഫാമിലി ബെനിഫിറ്റ് സ്കീം, സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകിയിട്ടില്ല. ആനുകൂല്യങ്ങൾ നൽകാൻ തിരുവനന്തപുരം സബ് ജഡ്ജ് കോടതിയുടെ ഉത്തരവുണ്ട്. പരാതിക്കാരന്റെ ഭാര്യ രോഗിയാണ്. 2008 ലാണ് പിരിച്ചുവിട്ടത്.