കാട്ടാക്കട: കൺമുന്നിൽ അച്‌ഛന് ക്രൂരമായ മർദ്ദനമേൽക്കുന്നത് കണ്ണീരോടെ കാണേണ്ടി വന്ന രേഷ്‌മയ്‌ക്ക് ഇന്നലെ യൂണിവേഴ്‌സിറ്റി പരീക്ഷയായിരുന്നു. പൊലീസ് രക്ഷപ്പെടുത്തിയ അച്‌ഛൻ ആശുപത്രിയിലെത്തിയതിന്റെ ആശ്വാസത്തിലും പേടി ഒട്ടും മാറാതെയാണ് അവൾ പരീക്ഷാഹാളിലെത്തിയത്. പരീക്ഷ എങ്ങനെയെങ്കിലും ഒന്നെഴുതിത്തീർത്ത് അവൾ ഓടിയെത്തിയത് അച്‌ഛന്റെയടുത്തേക്ക്. വൈകിട്ട് ആശുപത്രിയിലെത്തിയ രേഷ്‌മ അച്‌ഛന്റെ സമീപത്തുനിന്നും പിന്നെ മാറിയില്ല. കാട്ടാക്കട കെ.എസ്. ആർ.ടി.സി ബസ് സ്റ്റേഷനിലെ സംഘർഷങ്ങളുടെ പരിഭ്രാന്തിയിൽ നിന്നും ഇപ്പോഴും ഈ പെൺകുട്ടി മുക്തയായിട്ടില്ല.

രേഷ്‌മയുടെ വാക്കുകളിൽ നിന്ന്;


അച്‌ഛൻ കൺസഷൻ കൗണ്ടറിൽ നിൽക്കുമ്പോഴാണ് ഞാനും കൂട്ടുകാരിയും തൊട്ടപ്പുറത്തേക്ക് പോയത്. തിരികെ വന്നപ്പോൾ അച്‌ഛന് നേരെ ജീവനക്കാരുടെ ആക്രോശമാണ് കണ്ടത്. ഭയന്നുപോയ ഞാൻ അച്‌ഛനെ വിളിച്ചുകൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയിൽ രണ്ടുമൂന്ന് ജീവനക്കാർ കൂടിയെത്തി. ഒരു സെക്യൂരിറ്റി ജീവനക്കാർ ഓടിയെത്തി അച്‌ഛന്റെ കഴുത്തിന് കുത്തിപ്പിടിച്ചു വലിച്ചിഴച്ച് കൗണ്ടറിന് സമീപമുള്ള ഗ്രില്ലിട്ട മുറിയിൽ തള്ളിയിടാൻ ശ്രമിച്ചു. എന്റെ അച്‌ഛനെ ഒന്നും ചെയ്യല്ലേ എന്ന് നിലവിളിച്ചുകൊണ്ട് ഞാൻ ഓടി അടുത്തെത്തിയെങ്കിലും എന്നെയും വെറുതെ വിട്ടില്ല. ബലപ്രയോഗത്തിൽ എനിക്കും മർദ്ദനമേറ്റു. അച്ഛനെ ശക്തിയോടെ നാലുപേർ ചേർന്ന് തള്ളി മുറിക്കുള്ളിലിട്ടു. ജീവനക്കാർക്ക് ഇരിക്കാനായി പണിത സിമന്റ് ഇരിപ്പിടത്തിൽ നടുവ് ഇടിച്ചാണ് അച്‌ഛൻ വീണത്. അയ്യോ എന്നെ ഒന്ന് ചെയ്യല്ലേ എന്നു വിളിച്ചെങ്കിലും ജീവനക്കാർ വെറുതെ വിട്ടില്ല. ഇവർ അച്‌ഛനെ ക്രൂരമായി മർദ്ദിക്കാനുള്ള ശ്രമമാണ് എന്ന് മനസ്സിലാക്കിയതോടെ 200 മീറ്ററോളം അകലെയുള്ള പൊലീസ് സ്റ്റേഷനിലേക്ക് ഞാനും കൂട്ടുകാരിയും ഓടി. പൊലീസിനോട് കാര്യം പറഞ്ഞു. താമസിയാതെ അവരെത്തിയാണ് അച്‌ഛനെ പൂട്ടിയിട്ട മുറിയിൽ നിന്നും പുറത്തിറക്കിയത്. നടക്കാൻ വയ്യാത്ത നിലയിലാണ് അച്‌ഛൻ പുറത്തിറങ്ങിയത്. അവിടെ വന്ന പൊലീസുകാർ പറഞ്ഞതനുസരിച്ചാണ് ഞാൻ അച്‌ഛനെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പൊലീസുകാർ തന്നെയാണ് ഓട്ടോറിക്ഷ ഏർപ്പാട് ചെയ്‌തു തന്നത്. അച്‌ഛനെ ഇങ്ങനെ ക്രൂരമായി മർദ്ദിക്കാൻ മോശമായി ഒരു വാക്കുപോലും അച്‌ഛൻ സംസാരിച്ചില്ല. കെ.എസ്.ആർ.ടി.സി ജീവനക്കാർ ആക്രോശിക്കുമ്പോൾ പോലും അച്‌ഛൻ മറുപടി പറഞ്ഞില്ല. ഭയന്നു നിൽക്കുകയായിരുന്നു. - രേഷ്‌മ പറഞ്ഞു.

ഡിപ്പോയിലെ മർദ്ദനം:

പ്രതികൾ പൊലീസിന് കണ്ടാലറിയാവുന്നവർ മാത്രം

കാട്ടാക്കടയിൽ മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയത് ജാമ്യം ലഭിക്കുന്ന നിസ്സാര വകുപ്പുകൾ മാത്രം. പരാതിക്കാരൻ മടങ്ങിപ്പോയപ്പോൾ തടഞ്ഞു നിറുത്തി മർദ്ദിച്ചുവെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. പിതാവിനെ മർദ്ദിക്കുന്നവരെ വീഡിയോയിൽ വ്യക്തമായി കാണാമെങ്കിലും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയാണ് കേസ് എടുത്തത്‌. സംഭവത്തിൽ ഉത്തരവാദികളായ 4 കെ.എസ്.ആർ.ടി.സി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ഇവരുടെ പേരുകളും വ്യക്തമാക്കിയിരുന്നു. കേസ് അന്വേഷണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നാണ് ആരോപണം. സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഒരാൾ സി.ഐ.ടി.യു നേതാവും മറ്റൊരാൾ ടി.ഡി.എഫ് നേതാവുമാണ്.