edanade

മലയിൻകീഴ്: തോട്ടിലും കൃഷിയിടങ്ങളിലും സ്വകാര്യവ്യക്തിയുടെ ഫാമിൽ നിന്ന് മാലിന്യം ഒഴുക്കി വിട്ട് പ്രദേശമാകെ ദുരിതത്തിലായിട്ട് കാലങ്ങളേറെയായി. കരിപ്പൂര് ഇടനാട് ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പശു ഫാമിൽ നിന്നുള്ള മാലിന്യമാണ് ഇടനാട് തോട്ടിലൂടെ ഒഴുക്കി വിടുന്നത്. തോട്ടിൽ മലിന്യം നിറഞ്ഞ് പ്രദേശത്ത കിണറുകളും മറ്റ് ജലശ്രോതസുകളും മലിനമായി തീർന്നിട്ടുണ്ട്. കുടിവെള്ളം പോലും ഉപയോഗിക്കാനാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ദുർഗന്ധം ശ്വസിച്ചും കുടിവെള്ളം മുട്ടിയും സമീപത്തെ വീടുകളിലുള്ളവർ ദുരിതത്തിലായിട്ട് വർഷങ്ങളേറെയായി. മലയിൻകീഴ് ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ഇടനാട് തോട് പലവട്ടം പുന:രുദ്ധാരണം നടത്തിയിരുന്നു. തോടിന് സമാന്തരമായി കിടക്കുന്ന കരിപ്പൂര് -മഞ്ചാടി റോഡിലൂടെ പോകുന്നവർ ദുർഗന്ധം സഹിച്ച് പോകേണ്ട ഗതികേടിലാണ്. മാലിന്യം പ്രദേശത്താകെ ഒഴുകുകയാണ്. അസഹ്യമായ ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വീടുകളിൽ കഴിയാനാകാത്ത സ്ഥിതിയായിട്ടുണ്ട്. മലയിൻകീഴ് ഗ്രാമപഞ്ചായത്തിലും ഹെൽത്ത് ഇൻസ്പക്ടർ,​ ആരോഗ്യവകുപ്പ് എന്നിവർക്കും നിരന്തരം പരാതി നൽകിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.

തോട്ടിൽ മാലിന്യം വ്യാപിച്ചതോടെ വെള്ളത്തിന് കറുപ്പ് നിറമാവുകയും മീനുകൾ ചത്തൊടുങ്ങുകയും ചെയ്തു. ഒലിച്ചിറങ്ങുന്ന മാലിന്യം സമീപത്തെ കിണറുകൾക്ക് പുറമേ മറ്റ് ജലശ്രോതസുകളിലും പതിക്കുന്നതിനാൽ കുടിവെള്ളവും മലിനമായെന്നാണ് നാട്ടുകാർ പറയുന്നത്. അസഹ്യമായ ദുർഗന്ധം കാരണം പ്രദേശവാസികൾക്ക് വീടുകളിൽ കഴിയാനാകാത്ത സ്ഥിതിയായിട്ടുണ്ട്. നിരവധി പശുക്കളുള്ള ഈ അനധികൃത ഫാമിൽ നിന്ന് മാലിന്യം ഒഴുക്കി വിടുന്ന വിവരം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ അറിയിച്ചെങ്കിലും നടപടിയില്ല.

നിരവധി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശം ദുർഗന്ധം സഹിച്ചും കുടിവെള്ളമില്ലാതെയും നരകയാതനയിലാണ് കഴിയുന്നത്. കരിപ്പൂര് പ്രദേശത്ത് വായു പോലും മലിനമായെന്നാണ് നാട്ടുകാർ പറയുന്നത്. മാലിന്യത്തിന് അറുതി വരുത്താൻ മാലിന്യം പുറത്തേക്ക് ഒഴുക്കിവിടാതെ സ്വന്തം പുരയിടത്തിൽ ശേഖരിച്ച് നിറുത്തുകയോ ഫാം തത്‌സ്ഥാനത്തു നിന്ന് മാറ്റുകയോ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ച് മാത്രമേ ഫാമുകൾ പ്രവർത്തിപ്പിക്കാവൂവെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ(എൻ.ജി.ടി) നിർദദ്ദേശപ്രകാരം സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് 2020-ൽ ഡെയറി ഫാമുകളുടെയും ഗോശാലകളുടെയും പരിസ്ഥിതി മാനേജ്മെന്റിനെപ്പറ്റി മാർഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പൊല്യൂഷൻ കൺട്രോൾ ബോർഡും അതാണ് സ്വീകരിച്ചിട്ടുള്ളത്. ശാസ്ത്രീയമായ സംസ്കരണത്തിലൂടെ പ്രശ്നം പരിഹരിച്ച് തോടും ഫാമിന്റെ പരിസരപ്രദേശങ്ങളും മാലിന്യ മുക്തമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.