smart

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നേടിയ പഞ്ചായത്തായി പുല്ലമ്പാറ പഞ്ചായത്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പ്രഖ്യാപിച്ചപ്പോൾ അത് ഇ-വിദ്യാരംഭം പദ്ധതിയുടെ വിളംബരമായി. വീടുകൾ കയറിയും ഒഴിവ് സമയങ്ങളിൽ തൊഴിലുറപ്പ് സൈറ്റുകളിലും പ്രാദേശിക പഠനകേന്ദ്രങ്ങളിലുമായിരുന്നു പരിശീലനം. കൂനൻവേങ്ങ വാർഡിലെ 98 കാരനായ കരുണാകര പണിക്കരാണ് പ്രായമേറിയ പഠിതാവ്.

പഞ്ചായത്തിലെ എല്ലാവർക്കും ഡിജിറ്റൽ സാക്ഷരത നൽകുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് പി.വി. രാജേഷിന്റെയും സെക്രട്ടറി ടി. സന്തോഷ് കുമാറിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ഇ-വിദ്യാരംഭം പദ്ധതിക്ക് തുടക്കമിട്ടത് കഴിഞ്ഞ ഒക്ടോബറിലാണ്. ​ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷംനാദ് പുല്ലമ്പാറ​,​ ജില്ലാ വനിതാ ക്ഷേമ ഓഫീസർ സജീന സത്താർ, ഗ്രാമവികസന വകുപ്പ് ഡെപ്യൂട്ടി ഡെവലപ്‌മെന്റ് മുൻ കമ്മിഷണർ സനൂപ്, തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനിയർ ദിനേശ് പപ്പൻ എന്നിവരായിരുന്നു പദ്ധതിയുടെ കോർ ടീം.

മോഹൻദാസ്,​ ഹീര,​ രാജധാനി,​ മുസ്ലിം അസോസിയേഷൻ,​ ട്രിനിറ്റി എൻജിനിയറിംഗ് കോളേജുകൾ,​ തേമ്പാംമൂട് ജനതാ എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകളിലെ 250ൽ അധികം വരുന്ന വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, പ്രാദേശിക വൊളന്റിയർമാർ എന്നിവരായിരുന്നു പദ്ധതിയുടെ നടത്തിപ്പുകാർ. എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ എൻ.എസ്.എസ് വിഭാഗം ​സാങ്കേതിക സഹായം നൽകി. പാൻ എൻവയൺമെന്റ് എന്ന സ്‌റ്റാർട്ടപ്പ് ആണ് സർവേക്കുള്ള സോഫ്‌റ്റ്‌വെയറും മോഡ്യൂളും നൽകിയത്.

15

സർവേയിലുൾപ്പെട്ട വാർഡുകൾ

3917

ഡിജിറ്റൽ സാക്ഷരത വേണ്ടിയിരുന്നവർ (സർവേയിൽ കണ്ടെത്തിയത്)

600

ഒഴിവാക്കപ്പെട്ടവർ (കാഴ്ചയില്ലാത്തവർ, കിടപ്പു രോഗികൾ,​ മറ്റ് ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങിയവർ)

3174

ഡിജിറ്റൽ സാക്ഷരർ

174

പരീക്ഷ ജയിക്കാത്തവർ

121

പഠനം തുടരുന്നവർ (3.19 %)

96.81 %

ഡിജിറ്റൽ സാക്ഷരത

14 - 65

പഠിതാക്കളുടെ പ്രായം (ഭൂരിപക്ഷം സ്ത്രീകൾ)

98

പഠിതാവിന്റെ ഏറ്റവും ഉയർന്ന പ്രായം

മീഡിയം

സ്‌മാർട്ട് ഫോൺ

പാഠ്യവിഷയങ്ങൾ

സ്‌മാർട്ട് ഫോൺ ഉപയോഗം, വാട്ട്സ് ആപ്പ് ഓഡിയോ/ വീഡിയോ കാൾ, ഫോട്ടോ/ സെൽഫി എടുക്കൽ, ഫോട്ടോ/വീഡിയോ ഡൗൺലോഡ് ചെയ്യൽ, യൂ ട്യൂബ്, ഫേസ് ബുക്ക് തുടങ്ങിയവ പരിചയപ്പെടുത്തൽ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ മനസ്സിലാക്കൽ