road

ചിറയിൻകീഴ്: പ്രധാന പാതയ്ക്ക് അർഹിക്കുന്ന പരിഗണനയില്ലാത്തതിൽ കുപ്പിക്കഴുത്തുപോലെ വലിയകട - ശാർക്കര റോഡ്. തിരുവനന്തപുരം ചിറയിൻകീഴ് റോഡിന്റെ അവസാന ഭാഗമായ ശാർക്കര - വലിയകട റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്ന് വർഷങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇന്നും നടപടികൾ ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല. ചിറയിൻകീഴിൽ നിന്ന് കണിയാപുരം ഭാഗത്തേക്ക് പോകാനുള്ള പ്രധാന പാതയാണിത്. കെ.എസ്.ആർ.ടി.സി, പാരലൽ സർവീസുകൾ, സ്വകാര്യ സർവീസുകൾ ഉൾപ്പെടെ ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. മാത്രവുമല്ല ചിറയിൻകീഴ് മേൽപ്പാലത്തിന്റെ നിർമാണ പ്രവ‌‌ർത്തനങ്ങളുടെ ഭാഗമായി കടയ്ക്കാവൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഈ റോഡ് വഴിയാണ് തിരിച്ചുവിട്ടിരിക്കുന്നതും. ഈ റോഡിന്റെ വീതിക്കുറവ് കാരണം സമാന്തരമായി വരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾക്ക് സുഗമമായി കടന്നുപോകാൻ കഴിയില്ല.

പലപ്പോഴും ബസുകൾ തമ്മിലുരസുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. കാൽനടയാത്രക്കാർക്ക് പോലും ഇതുവഴിയുള്ള യാത്ര ഭീതി നിറഞ്ഞതാണ്. വാഹനങ്ങൾ കാൽനടയാത്രക്കാരെ തൊട്ടുരുമ്മിയാണ് കടന്നുപോകുന്നത്. കുടിവെള്ള പൈപ്പ് പൊട്ടി റോഡിൽ കുഴികൾ രൂപപ്പെട്ടതും ഈ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാക്കുന്നു. ശാർക്കര ദേവീക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകൂടിയാണിത്. അതുകൊണ്ടുതന്നെ വിശേഷ ദിവസങ്ങളിൽ ഈ റോഡ് ഒന്ന് കടന്നുകിട്ടാൻ മണിക്കൂറുകൾ വേണ്ടിവരും. ഇതിൽ ശാർക്കര ഭാഗത്ത് റെയിൽവേ ഗേറ്റുമുണ്ട്. റെയിൽവേ ഗേറ്റ് അടച്ചുകഴിഞ്ഞാൽ ഗേറ്റ് കടന്നുപോകാനുള്ള വാഹനങ്ങളുടെ നീണ്ട നിരയും ഇവിടുത്തെ സുഗമ സഞ്ചാരത്തെ തെല്ലൊന്നുമല്ല ബാധിക്കുന്നത്.

കണിയാപുരം മുതൽ വലിയകട വരെ റോഡ് റീ ടാറിംഗ് നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. അതിന്റെ അവസാന ഭാഗമായ, ഏകദേശം ഒരു കിലോമീറ്റർ ദൂരം മാത്രമുള്ള ഈ റോഡിന്റെ പല സ്ഥലങ്ങളിലും ആറ് മീറ്റർ വീതി മാത്രമാണുള്ളത്. റോഡിന്റെ സെന്ററിൽ നിന്ന് ഇരുവശത്തും ആറ് മീറ്റർ വീതിയിൽ സ്ഥലം ഉൾപ്പെടുത്തി പുതിയ റോഡ് നിർമ്മിച്ചാൽ മാത്രമേ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകൂ. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഭൂവുടമകളും കട ഉടമകളുമായി ചർച്ച നടന്നിരുന്നു. ഈ റോഡ് വികസനത്തിന് സർക്കാർ അഞ്ച് കോടി രൂപ മുൻ ബഡ്ജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യാതൊന്നും തന്നെ നടന്നിട്ടില്ല.

റോഡിന്റെ വീതിക്കുറവ് അറിയാതെ രാത്രികാലങ്ങളിൽ വാഹനങ്ങൾ റോഡരികത്തെ മതിലിൽ ഇടിച്ചുമറിഞ്ഞ് ആളപായങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ റോഡിന്റെ വികസനവും ചിറയിൻകീഴുകാരുടെ സ്വപ്നങ്ങളിൽ ഒന്നാണ്. സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കണമെന്നുള്ളതാണ് നാട്ടുകാരുടെ ആവശ്യം.