 സമരസമിതി നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ സമരത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പെരേരയുടെ നേതൃത്വത്തിലുള്ള സമരസമിതി നേതാക്കളുമായി ഗവർണർ ഇന്നലെ ഉച്ചയ്‌ക്ക് രാജ്ഭവനിൽ കൂടിക്കാഴ്‌ച നടത്തി.

ചൊവ്വാഴ്‌ച അതിരൂപത അധികൃതരുമായി ഫോണിൽ സംസാരിച്ച ഗവർണർ തനിക്ക് സമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയണമെന്ന് പറയുകയായിരുന്നു. തുടർന്നാണ് കൂടിക്കാഴ്‌ചയ്‌ക്ക് സമയം അനുവദിച്ചത്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് തുടരുന്നതിനിടെയാണ് നീക്കമെന്നതും ശ്രദ്ധേയമാണ്. തുറമുഖ നിർമ്മാണവും തീരദേശവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും സമരസമിതി നേതാക്കളിൽ നിന്ന് ഗവർണർ ചോദിച്ചറിഞ്ഞു.

ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ഉടൻ തീരദേശത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ക്യാമ്പുകൾ സന്ദർശിച്ച ശേഷം വീണ്ടും കൂടിക്കാഴ്‌ച നടത്തും. എന്തുകൊണ്ട് നിങ്ങൾ നേരത്തേ എന്നെ സമീപിച്ചില്ലെന്നായിരുന്നു സമരസമിതി നേതാക്കളോട് ഗവർണർ ചോദിച്ചത്.

ഗവർണർക്ക് തുറന്ന

മനസ്: യൂജിൻ പെരേര

ഗവർണർക്ക് തുറന്ന മനസാണെന്ന് കൂടിക്കാഴ്‌ചയ്‌ക്കുശേഷം ലത്തീൻ അതിരൂപതാ വികാരി ജനറൽ യൂജിൻ പെരേര മാദ്ധ്യമങ്ങളോട് പറഞ്ഞു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്നാണ് ഗവർണർ അറിയിച്ചത്. കേന്ദ്ര ഇടപെടലുണ്ടായാൽ പൊതുസമൂഹം നേരിടാൻപോകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകും. സമരം നടത്തുന്നത് ഭരണഘടനാപരമായ അവകാശമാണ്. ഹൈക്കോടതിയുടെ ഉത്തരവിനുശേഷം നിയമലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.