
പോത്തൻകോട് : പോണ്ടിച്ചേരി ജിപ്മറിലെ അവസാന വർഷ മെഡിക്കൽ വിദ്യാർത്ഥി ചെങ്കോട്ടുകോണം കല്ലടിച്ചവിള മണ്ണറത്തല വീട്ടിൽ ജസീറയുടെയും പരേതനായ നവാസിന്റെയും ഏക മകൻ മുഹമ്മദ് നിജാസ് (23) ക്ലാസിൽ കുഴഞ്ഞുവീണു മരിച്ചു. ചൊവാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം.രാവിലെ 8 മണിക്ക് ആരംഭിച്ച ക്ലാസിലെ രണ്ടാമത്തെ പീരീഡിന്റെ തുടക്കത്തിലാണ് നിജാസിന് അസ്വസ്ഥത അനുഭവപ്പെടുകയും ക്ലാസിൽ കുഴഞ്ഞുവീഴുകയും ചെയ്തത്. സഹപാഠികളും അദ്ധ്യാപകരും ഉടൻ തന്നെ സമീപത്തെ ജിപ്മർ ഐ.സി.യു.വിൽ പ്രവേശിപ്പിച്ച് അടിയന്തര വൈദ്യ സഹായം നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണ കാരണമെന്ന് ഹോസ്പിറ്റൽ അധികൃതർ പറഞ്ഞു.അവസാന വർഷ എം.ബി.ബി.എസ്. പരീക്ഷ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെയായിരുന്നു മരണം.എസ്.എസ്.എൽ.സിക്കും പ്ലസ് ടുവിനും നിജാസ് ഉന്നത വിജയം നേടിയിരുന്നു. നിജാസിന്റെ പിതാവ് നവാസ് 20 വർഷം മുമ്പ് എറണാകുളത്തുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. ബന്ധുക്കൾ കോളേജിൽ എത്തിയിട്ടുണ്ട്. നാട്ടിലെത്തിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 8 ന് ചെമ്പഴന്തി മുസ്ലിം ജമാ അത്തിൽ ഖബറടക്കും.
ക്യാപ്‌ഷൻ: മരിച്ച നിജാസ്