വെള്ളറട: ഗ്രാമങ്ങളിൽ ഫോർമാലിൻ ഉൾപ്പെടെയുള്ള രാസവസ്തുക്കൾ ചേർത്ത മത്സ്യം വ്യാപകമായി മാർക്കറ്റുകളിൽ വിറ്റഴിക്കുന്നതായി പരാതി. അന്യ സംസ്ഥാനങ്ങളിൽ നിന്നും പുലർച്ചെ യാതൊരുവിധ ശീതീകരണ സംവിധാനങ്ങളും ഇല്ലാതെ വാഹനങ്ങളിൽ കൊണ്ടുവരുന്ന മത്സ്യമാണ് അതിർത്തിയിലെ പ്രധാന മാർക്കറ്റായ പനച്ചമൂട്ടിൽ വച്ച് ചെറുകിട കച്ചവടക്കാർക്ക് കമ്മിഷൻ ഏജന്റുമാർക്ക് ലേലം ചെയ്ത് നൽകുന്നത്. കുറഞ്ഞതുകയ്ക്ക് പെട്ടിക്കണക്ക് മത്സ്യംകിട്ടും. ഇത് കൂടിയ വിലയ്ക്ക് വിറ്റ് വൻ ലാഭം കൊയ്യാമെന്ന് കരുതി ചെറുകിട കച്ചവടക്കാർ വാങ്ങികൊണ്ടുപോകും. പുഴുവരിച്ച് അസഹ്യമായ ദുർഗന്ധം വമിക്കുന്ന മത്സ്യങ്ങൾ വരെ ഇവിടെ ലേലത്തിന് എത്തുന്നു. കൊവിഡ് കാലത്ത് ചീഞ്ഞ ചൂരയുമായി കച്ചവടക്കാർ പനച്ചമൂട് ലക്ഷ്യമാക്കി എത്തിയിരുന്നു. എന്നാൽ ഈ മത്സ്യം മാർക്കറ്റിലിറക്കാൻ പറ്റില്ലെന്ന എതിർപ്പ് പ്രകടിപ്പിച്ചതോടെ വാഹനവുമായി കൊണ്ടുവന്നവർ കടന്നുകളഞ്ഞു. എന്നാൽ ഇപ്പോഴും ഇത്തരം മത്സ്യങ്ങളുമായി മാർക്കറ്റ് കേന്ദ്രീകരിച്ച് കച്ചവടം നടത്തുന്നുണ്ട്.
ഉപയോഗശൂന്യമായ മത്സ്യങ്ങൾ ഇവിടെനിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പിടികൂടിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ വിലവരുന്ന ചീഞ്ഞ ചൂര ആരോഗ്യവകുപ്പും പൊലീസും ചേർന്ന് പിടികൂടി കുഴിച്ചുമൂടി. ഗോവ, കർണ്ണാടക, ആന്ധ്ര, പോണ്ടിച്ചേരി, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമാണ് വ്യാപകമായി ഇത്തരത്തിലുള്ള മത്സ്യം കച്ചവടത്തിനായി പനച്ചമൂട്ടിൽ എത്തുന്നത്. കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതിനാൽ മൊത്തവ്യാപാരികൾക്കും അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചീഞ്ഞ മത്സ്യമായാലും കച്ചവടം ചെയ്യാനാണ് താത്പര്യം.
നേരത്തേ മലയോര ഗ്രാമങ്ങളിൽ മത്സ്യം കഴിച്ച് രോഗം ബാധിച്ച് നിരവധിപേർ ആശുപത്രികളിൽ ചികിത്സ തേടിയതിനെ തുടർന്ന് ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. യാതൊരു നിയന്ത്രണവുമില്ലാതെയാണ് പനച്ചമൂട്ടിലെ മൊത്തവിതരണ കേന്ദ്രത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നത്. മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. ഗുണനിലവാര പരിശോധനയ്ക്കുള്ള കിറ്റുകൾ വ്യാപകമായി ലഭിക്കുന്നുണ്ടെങ്കിലും ആരും പരിശോധന നടത്താൻ തയാറാകുന്നില്ല.
മത്സ്യത്തിന്റെ വില വർദ്ധിക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കാൻ വേണ്ടിയാണ് ഏത് ചീഞ്ഞമത്സ്യവും വിൽക്കാൻ കച്ചവടക്കാർ തയ്യാറാകുന്നത്. പനച്ചമൂട്ടിൽ നിന്നും ദിവസവും രാവിലെ നൂറിൽ കൂടുതൽ വാഹനങ്ങളിലാണ് ചില്ലറ വിൽപ്പനയ്ക്കായി കൊണ്ടുപോകുന്നത്. ഇവിടെ പരിശോധനാസംവിധാനം ഏർപ്പെടുത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞെങ്കിലും ഇപ്പോൾ എല്ലാവരും മറന്നമട്ടാണ്.