
കാട്ടാക്കട: കാട്ടാക്കട ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മർദ്ദനത്തിനിരയായ ആമച്ചൽ കുച്ചപ്പുറം ഗ്രീരേഷ്മയിൽ പ്രേമനനെ വിദഗ്ദ്ധ ചികിത്സയ്‌ക്കും പരിശോധനകൾക്കുമായി കാട്ടാക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നിന്ന് നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നടുവിനേറ്റ ശക്തമായ ക്ഷതത്തെ തുടർന്ന് ഇടതുകാൽ ചലിപ്പിക്കാൻ കഴിയാത്ത നിലയിലാണ് പ്രേമനൻ. എല്ലിന് പൊട്ടലുണ്ടോ എന്ന് പരിശോധിച്ച ശേഷമാകും തുടർചികിത്സ തീരുമാനിക്കുക. ശരീരമാകെ വേദനയാണെന്നും കട്ടിലിൽ നിന്ന് എണീക്കാൻ ബുദ്ധിമുട്ടുണ്ടെന്നും പ്രേമനൻ പറഞ്ഞു. കേസിലെ പ്രതികളുടെ അറസ്റ്റ് ഇനിയുമുണ്ടായിട്ടില്ല. ഇതിൽ ശക്തമായ പ്രതിഷേധവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്.എഫ്.ഐയും സി.പി.ഐയും കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രകടനം നടത്തിയിരുന്നു. ഇന്നലെ ജോയിന്റ് കൗൺസിലും ഡിപ്പോയിലേക്ക് മാർച്ച് നടത്തി.