പാറശാല: നവരാത്രി പൂജയുടെ ഭാഗമായി പാറശാല സനാതന ധർമ്മ പരിഷത്തിന്റെ നേതൃത്വത്തിൽ പാറശാല പേരൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നടക്കുന്ന സൗവർണ നവരാത്രത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 25 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന നവരാത്രി പൂജയോടനുബന്ധിച്ച് ഹിന്ദുമത സമ്മേളനവും നടക്കും. 25ന് വൈകിട്ട് 7ന് യജ്ഞശാലയിൽ നവാക്ഷരീ ദുർഗാ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിനെ തുടർന്ന് തദ്ദേശീയ ക്ഷേത്രങ്ങളിൽ നിന്ന് സമർപ്പണമായി എത്തിച്ചേരുന്ന ദേവീ വിഗ്രഹങ്ങളെ യജ്ഞശാലയിൽ സ്വീകരിച്ച് പ്രതിഷ്ഠിക്കും. ചേങ്കോട്ടുകോണം ശ്രീരാമദാസ മഠാധിപതി യജ്ഞശാലയിൽ ഭദ്രദീപം തെളിക്കുന്നതോടെ സൗവർണ നവരാത്രയജ്ഞത്തിന് തുടക്കമാവും. 26 മുതൽ തുടരുന്ന യജ്ഞം ഒക്ടോബർ 5ന് വിജയദശമി നാളിൽ വിദ്യാരംഭത്തോടുകൂടി സമാപിക്കും. ചടയമംഗലം ജ്ഞാനാനന്ദാശ്രമം മഠാധിപതി സ്വാമി ദയാനന്ദ സരസ്വതിയാണ് ഈ യജ്ഞത്തിന്റെ ആചാര്യൻ. യജ്ഞ നടത്തിപ്പിനായി കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി, വെള്ളിമല ആശ്രമം മഠാധിപതി ചൈതന്യാനന്ദജി എന്നിവർ മുഖ്യരക്ഷാധികാരികളായും ബി.ജെ.പി ദേശീയ സമിതി അംഗം ചെങ്കൽ രാജശേഖരൻ നായർ ചെയർമാനായും ബി.ജെ.പി സംസ്ഥാന സമിതി അംഗം ജി.സുരേഷ് തമ്പി ജനറൽ സെക്രട്ടറിയായും ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അഡ്വ.എൻ.കെ.രത്‌നകുമാർ ട്രസ്റ്റ് ചെയർമാനായും വി.പ്രമോദ് ട്രഷററായും സ്വാഗതസംഘം രൂപീകരിച്ചു.