
കിളിമാനൂർ: കാൽനട പോലും ദുസ്സഹമായി കല്ലിങ്കൽ-ശീമവിള റോഡ്. നഗരൂർ പുതിയ പാലം നിർമ്മിക്കാൻ തുടങ്ങിയതോടെ കല്ലമ്പലം, കൊടുവഴന്നൂർ, കാരേറ്റ്, കല്ലറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഇരുപതോളം സർവീസ് ബസുകളും യാത്ര ഇതുവഴിയാക്കി. ഇതോടെ റോഡ് പൂർണ്ണമായും തകർന്നു. പാരലൽ റോഡ് ശരിയാക്കാതെ നഗരൂർ പാലം പൊളിച്ച് പണി തുടങ്ങിയതാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കൊടുവഴന്നൂർ, കാരേറ്റ്, ആലംകോട്, ആറ്റിങ്ങൽ ഭാഗങ്ങളിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ഉൾപ്പെടെ യാത്ര ചെയ്യുന്നത് ഇതുവഴിയാണ്. ഇരുചക്രവാഹന യാത്രക്കാർ കുഴിയിൽ വീഴാതെ പലപ്പോഴും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.