photo

ഈ കാലഘട്ടം യുദ്ധത്തിന്റേതല്ല എന്ന് ഷാങ്‌ഹായ് സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യൻ പ്രസിഡന്റ് പുട്ടിനോട് പറഞ്ഞതിന് പാശ്ചാത്യ മാദ്ധ്യമങ്ങൾ വലിയ പ്രാധാന്യമാണ് നൽകിയത്. അതു മനസിലാക്കുന്നു എന്ന രീതിയിൽ പുട്ടിൻ പ്രതികരിച്ചതോടെ യുക്രെയിൻ യുദ്ധത്തിന് ശമനമാകുമെന്ന് പ്രവചിച്ചവരും കുറവല്ല. എന്നാൽ യുക്രെയിനിലേക്ക് മൂന്ന് ലക്ഷം റിസർവ് ബറ്റാലിയനെ കൂടി അയയ്ക്കാൻ റഷ്യ തീരുമാനിച്ചതോടെ എട്ട് മാസമായി തുടരുന്ന യുദ്ധം ശമിക്കുന്നതിന് പകരം കൂടുതൽ രൂക്ഷമാകാനുള്ള സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്.

യുക്രെയിനിലെ അധിനിവേശത്തെ പ്രത്യേക സൈനിക നടപടി എന്നാണ് റഷ്യ ഇതുവരെ വിശേഷിപ്പിച്ചിരുന്നത്. യുദ്ധമെന്ന വാക്ക് അവർ ഉപയോഗിച്ചിരുന്നില്ല. മൂന്ന് ലക്ഷം റഷ്യൻ പട്ടാളക്കാരെ കൂടി അയയ്ക്കാനുള്ള തീരുമാനത്തിന് പിന്നാലെ റഷ്യൻ വിദേശകാര്യമന്ത്രാലയം യുക്രെയിനിൽ നടക്കുന്നത് പാശ്ചാത്യ കൂട്ടായ്മക്കെതിരായ യുദ്ധമാണെന്ന് ഇതാദ്യമായി വ്യക്തമാക്കുകയുണ്ടായി. ഒന്നരലക്ഷം റഷ്യൻ പട്ടാളക്കാർ ഇപ്പോൾ യുക്രെയിനിൽ സായുധ പോരാട്ടത്തിലാണ്. തുടക്കത്തിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്നാണ് റഷ്യ കരുതിയത്. അതിന് വിരുദ്ധമായി റഷ്യൻ സേനയ്ക്ക് പലയിടത്തും വലിയ തിരിച്ചടികളാണ് ഉണ്ടായത്. നേരത്തേ പിടിച്ചടക്കിയ കീവ്, കാർക്കീവ് തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ നിന്ന് തിരിച്ചടി നേരിടാനാവാതെ റഷ്യൻ സേനയ്ക്ക് പിന്തിരിയേണ്ടിയും വന്നു. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ആണവഭീഷണി ഉണ്ടായാൽ വിശാലമായ ആയുധശേഖരം മുഴുവൻ പുറത്തെടുക്കുമെന്ന് പുട്ടിൻ മുന്നറിയിപ്പ് നൽകിയതോടെ ആണവ ആക്രമണത്തിന്റെ ഭീഷണിയും ഉയർന്നിരിക്കുകയാണ്. യുക്രെയിനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത കിഴക്കൻ ഭാഗത്തെയും ദക്ഷിണ ഭാഗത്തെയും പ്രവിശ്യകളിൽ ഹിതപരിശോധന നടക്കാനിരിക്കെയാണ് യുദ്ധത്തെ രണ്ടാം ഘട്ടത്തിലേക്ക് നീക്കാനുള്ള റഷ്യയുടെ തീരുമാനം ഉണ്ടായിരിക്കുന്നത്.

വൻ ശക്തികളുടെ അഭിമാനപ്രശ്നമായി മാറിയിരിക്കുന്ന യുക്രെയിൻ യുദ്ധം എത്രയും വേഗം അവസാനിച്ചില്ലെങ്കിൽ അതിന്റെ ദുരിതം ലോകത്തെ എല്ലാവിഭാഗം ജനങ്ങളും അനുഭവിക്കേണ്ടിവരും. ഈ കാലഘട്ടത്തിൽ ചർച്ചകളിലൂടെയും ഒത്തുതീർപ്പുകളിലൂടെയും പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങളില്ല. അതിന് മുൻകൈയെടുക്കാൻ ഇന്ത്യ തയ്യാറാകണം. യുദ്ധം തീവ്രമായ രണ്ടാം ഘട്ടത്തിലേക്ക് കടന്നാൽ അത് പ്രവചനാതീതമായ അപകടകരമായ അവസ്ഥയാവും ലോകത്ത് സൃഷ്ടിക്കുക. അതൊഴിവാക്കാൻ ഇന്ത്യയുടെ ഇടപെടൽ ഉപകരിക്കാതിരിക്കില്ല.