madhu
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തിരുവനന്തപുരം കണ്ണമൂലയിലെ വസതിയിലെത്തി മധുവിന് ജന്മദിനാശംസ അറിയിച്ചപ്പോൾ

തിരുവനന്തപുരം: പകർന്നാടിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ചിരപ്രതിഷ്‌ഠ നേടിയ മഹാനടൻ മാധവൻ നായരെന്ന മധു നവതിയിലേക്ക്. ഇംഗ്ലീഷ് തീയതി പ്രകാരം ഇന്ന് 89 വയസ് പൂർത്തിയാകുമെങ്കിലും കന്നി മാസത്തിലെ വിശാഖം നക്ഷത്രമാണ് താൻ ജന്മദിനമായി കണക്കാക്കുന്നതെന്ന് അദ്ദേഹം പറയുന്നു. ഒരു പായസം വയ്‌ക്കുമെന്നല്ലാതെ മറ്റ് ആഘോഷങ്ങളൊന്നും ഇന്നുണ്ടാകില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുളളവർ കഴിഞ്ഞദിവസം വീട്ടിൽ ജന്മദിന ആശംസയുമായെത്തിയിരുന്നു.

മനസിന് സംതൃപ്‌തി നൽകുന്ന കഥാപാത്രം ലഭിച്ചാലേ ഇനി സിനിമയിൽ അഭിനയിക്കൂ എന്ന് മധു കേരളകൗമുദിയോട് പറഞ്ഞു. മലയാള സിനിമയിൽ അച്ഛന്മാർക്കും അമ്മമാർക്കും ചാൻസില്ലാതായി. പേരിനൊരു കഥാപാത്രം ചെയ്യാൻ ഇനി നിന്നുകൊടുക്കില്ല. അഭിനയിക്കണമെന്ന മോഹം ഇപ്പോഴില്ലെന്നും അദ്ദേഹം പറയുന്നു. നാന്നൂറോളം സിനിമകളിൽ വേഷമിട്ട മധു പന്ത്രണ്ട് സിനിമകൾ സംവിധാനം ചെയ്‌തിട്ടുണ്ട്. 15 സിനിമകൾ നിർമ്മിച്ചു.

നേരം വെളുക്കുന്നത് വരെ പഴയ ചിത്രങ്ങൾ കണ്ടും പുസ്‌തകം വായിച്ചും ഇരിക്കുന്നതാണ് ഇപ്പോൾ ഇഷ്‌‌ട വിനോദം. കഴിഞ്ഞദിവസവും ഉറങ്ങിയപ്പോൾ വെളുപ്പിന് മൂന്ന് മണിയായി. എട്ട് മണിക്കൂർ കൃത്യമായി ഉറങ്ങിയതിന് ശേഷം പകൽ പതിനൊന്ന് മണിയോടെയാകും എഴുന്നേൽക്കുക. എല്ലാ ദിവസവും യോഗ നിർബന്ധമാണ്. പ്രത്യേകിച്ച് ആഹാര രീതിയൊന്നും ഇതുവരെയില്ല. കൊവിഡ് കാലം വന്നതോടെ മൂന്ന് വർഷമായി വീട്ടിൽ തന്നെയാണ്. കൊവിഡ് ഭീഷണി ഒഴിഞ്ഞെങ്കിലും വലുതായൊന്നും പുറത്തിറങ്ങാറില്ല.

ജോഷി സംവിധാനം ചെയ്‌ത സുരേഷ് ഗോപി ചിത്രം പാപ്പനാണ് അവസാനമായി കണ്ടത്. സിനിമകളിലെ പശ്‌ചാത്തല സംഗീതത്തിന്റെ ബഹളം കാരണം സംഭാഷണങ്ങൾ ശ്രദ്ധിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് തന്നെ ഒട്ടുമിക്ക സിനിമകളും കണ്ടുതുടങ്ങി ഇരുപത് മിനിട്ടൊക്കെ ആകുമ്പോഴേക്കും ടി.വി ഓഫ് ചെയ്യും. ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് ഫോർഗ്രൗണ്ട് മ്യൂസിക്കായെന്നും ഇറങ്ങുന്ന പടങ്ങളെല്ലാം കുറ്റാന്വേഷണ ചിത്രങ്ങളാണെന്നും മധുവിന്റെ പരിഹാസം. കൂടെ അഭിനയിച്ചവർക്കൊപ്പമുളള തമാശകളൊക്കെ ആലോചിക്കുമ്പോൾ സന്തോഷമാണ്. ബഹുഭൂരിപക്ഷം പേരും ഇപ്പോൾ ജീവിച്ചിരിപ്പില്ലല്ലോ എന്ന് ഓർക്കുമ്പോൾ വിഷമമുണ്ടെന്നും അദ്ദേഹം പറയുന്നു.