ആറ്റിങ്ങൽ: നാട്ടുകാർക്ക് ഭീഷണിയായ കൂറ്റൻ കടന്നൽക്കൂട് ആറ്റിങ്ങൽ നഗരസഭ കൗൺസിലിന്റെ നേതൃത്വത്തിൽ കടന്നലിനെ പിടികൂടുന്ന കിരൺ കൊല്ലമ്പുഴുടെ സഹായത്തോടെ നശിപ്പിച്ചു. നഗരസഭ അമ്പലംമുക്ക് വാർഡിൽ പണയിൽ കോളനി,​ കുഞ്ചൻവിളാകം എന്നീ ജനവാസ പ്രദേശത്താണ് നാളുകളായി കടന്നൽ ഭീഷണി ഉയർന്നിരുന്നത്. ആളൊഴിഞ്ഞ പ്രദേശത്തെ പിഴുതു കിടക്കുന്ന തെങ്ങിൻ ചുവട്ടിലാണ് കടന്നലുകൾ കൂട് കൂട്ടിയിരുന്നത്. ഒരുമാസം മുൻപ് ഇവിടെ വൃദ്ധ കടന്നൽ കുത്തേറ്റ് മരണപ്പെട്ടിരുന്നു. കുഞ്ചൻവിളാകത്ത് വീട്ടിൽ ബേബിയമ്മ (80)​യാണ് മരിച്ചത്. ഇതേത്തുടർന്ന് നാട്ടുകാർ കടന്നൽക്കൂട് അന്വേഷിച്ച് ഇറങ്ങുകയും കഴിഞ്ഞ ദിവസം കണ്ടെത്തുകയുംചെയ്തു. ആറ്റിങ്ങൽ ഫയർ ഫോഴ്സിനെ വിവരം അറിയിച്ചെങ്കിലും കടന്നലുകളെ പിടിക്കാൻ അധികാരമില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് നാട്ടുകാർ കിരൺ കൊല്ലമ്പുഴയെ സമീപിച്ചത്. കടന്നൽക്കൂട് തീവച്ച് നശിപ്പിക്കുകയായിരുന്നു. കടന്നലുകളെ നശിപ്പിക്കുന്നതിനിടെ കിരണിന് നിസാര പൊള്ളലേറ്റു. ആയിരത്തിലധികം കടന്നലുകളും മുട്ടകളുമാണ് നശിപ്പിച്ചത്.