തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ വ്യവസായനയം കേരളപ്പിറവിയോടെ പ്രഖ്യാപിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ഡെവലപ്പർ പെർമിറ്റ് വിതരണം തിരുവനന്തപുരം മാസ്‌ക്കോട്ട് ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ മേഖലകളെയും സ്‌പർശിക്കുന്ന വ്യവസായ നയം അവസാനരൂപത്തിലാണ്. കരട് വ്യവസായനയം വൈകാതെ പൊതുജനങ്ങൾക്ക് മുന്നിൽ വച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾക്ക് അനുമതി നൽകുന്നതിലൂടെ വരുന്ന മൂന്നര വർഷത്തിനുള്ളിൽ നൂറ് വ്യവസായ പാർക്കുകളെന്ന ലക്ഷ്യം കൈവരിക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പദ്ധതിയുടെ ഭാഗമായി ആദ്യ ഘട്ടത്തിൽ നാല് സ്ഥാപനങ്ങൾക്കാണ് ലൈസൻസ് നൽകിയത്. നിലവിൽ സമർപ്പിക്കപ്പെട്ട 24 അപേക്ഷകരിൽ നിന്ന് 11 എണ്ണം സംസ്ഥാനതല കമ്മിറ്റിക്ക് മുന്നിൽ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. സ്വകാര്യ എസ്റ്റേറ്റിനുളള ഭൂമി പതിനഞ്ച് ഏക്കറിന് മുകളിലാണെങ്കിൽ ഭൂപരിഷ്‌കരണ നിയമത്തിനനുസൃതമായ ഇളവുകൾ ലഭിക്കേണ്ടതുണ്ട്. ഇത് റവന്യൂ വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുടെയും കമ്മിറ്റി പരിശോധിച്ച ശേഷം കാബിനറ്റിന്റെ അംഗീകാരത്തിന് സമർപ്പിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സംരംഭകർക്ക് സഹായങ്ങൾക്ക് 1153 ഇന്റേണുകളുടെ സേവനം നിലവിൽ ലഭ്യമാണ്. സംരംഭകരുടെ പരാതി പരിഹാരത്തിന് ടോൾ ഫ്രീ നമ്പറുകളും സഹായങ്ങൾക്ക് വിദഗ്ദ്ധ പാനലിന്റെ സഹായവും ലഭ്യമാക്കും. സംസ്ഥാനത്ത് കൂടുതൽ സംരംഭങ്ങൾ തുടങ്ങുന്നതിനും നിക്ഷേപം കൊണ്ടുവരുന്നതിനും തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും സർക്കാർ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യവസായ,നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ എസ്.ഹരികിഷോർ, കിൻഫ്ര മാനേജിംഗ് ഡയറക്ടർ സന്തോഷ് കോശി തോമസ് തുടങ്ങിയവർ പങ്കെടുത്തു.