
മുടപുരം: കിഴുവിലം, അഴൂർ ഗ്രാമപഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മുടപുരം - മുട്ടപ്പലം റോഡ് റീ ടാർ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. ചിറയിൻകീഴ് - കോരാണി, അഴൂർ - ശാസ്തവട്ടം എന്നീ പി.ഡബ്ലിയു.ഡി റോഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്.
രണ്ട് വർഷം മുൻപ് അഡ്വ.ആർ.ശ്രീകണ്ഠൻ നായർ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്നപ്പോൾ ജില്ലാ പഞ്ചായത്ത് അനുവദിച്ച 28 ലക്ഷം രൂപ ഉപയോഗിച്ച് മുടപുരം ജംഗ്ഷൻ മുതൽ തെങ്ങുംവിള പാലം വരെ ടാർ ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ മില്ലുമുക്ക് - വേലിക്കകം ഭാഗത്തെ റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ശൈലജാ ബീഗം ജില്ലാപഞ്ചായത്തിൽ നിന്ന് ഓട നിർമ്മിക്കുന്നതിനും സൈഡ് വാൾ നിർമിക്കുന്നതിനായി 50 ലക്ഷം രൂപ അനുവദിച്ചിരുന്നു. അതിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും പൂർത്തിയായിട്ടില്ല.
സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും ഉൾപ്പെടെ ആറിലധികം ബസുകൾ സർവീസ് നടത്തുന്ന ഈ റോഡിൽ ധാരാളം സ്‌കൂൾ - കോളേജ് ബസുകളും സർവീസ് നടത്തുന്നുണ്ട്. വാഹനത്തിരക്കേറിയ റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ ഇവിടെ ഗതാഗതക്കുരുക്കും രൂക്ഷമാണ്. അതിനാൽ റോഡ് അടിയന്തരമായി നന്നാക്കണമെന്നാവശ്യം ശക്തമാണ്.
റോഡ് അടിയന്തരമായി നവീകരിക്കണം
താലൂക്കിലെ പ്രധാന ക്ഷേത്രമായ മുടപുരം തെങ്ങുംവിള ഭഗവതി ക്ഷേത്രത്തിന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ക്ഷേത്രത്തിൽ കുംഭ ഭരണി മഹോത്സവം ഫെബ്രുവരിയിലാണ്. അതുകൊണ്ട് അടിയന്തരമായി തകർന്ന റോഡ് നന്നാക്കാൻ അധികൃതർ തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
റോഡ് ആകെ കുളം
മില്ലുമുക്ക് - വേലിക്കകം ഭാഗത്തെ റോഡിൽ ടാറും മെറ്റലും ഇളകി ഗട്ടറുകൾ രൂപപ്പെട്ടതിനാൽ ഇതു വഴിയുള്ള യാത്ര ദുഷ്കരമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. മഴ പെയ്താൽ കുഴികളിൽ വെള്ളം കെട്ടി നിന്ന് കാൽനട - വാഹന യാത്ര ദുഷ്കരവും ക്ലേശകരവുമാകും.
കുഴകളിൽ വീണും റോഡിൽ തെന്നി വീണും ഒട്ടേറെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.